സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്ലാസ്റ്റിക്കിൽ നിർമിച്ച ദേശീയ പതാകകൾക്ക് നിരോധനം. പരിപാടികളിൽ ഹരിത പ്രോട്ടോകോൾ പാലിക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാവുമെന്നും പൊതു ഭരണവകുപ്പ് അറിയിച്ചു. പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിർമിച്ച ദേശീയ പതാകകളുടെ നിർമാണം, വിതരണം, വിൽപന, ഉപയോഗം എന്നിവ കർശ്ശനമായി നിരോധിച്ച് കൊണ്ടാണ് പൊതുഭരണവകുപ്പ് മുന്നറിയിപ്പ് നൽകിയത്.
അതേസമയം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങൾ, സൈനിക് സ്‌കൂൾ, സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ്സ്, അശ്വാരൂഡ പൊലീസ്, എൻസിസി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് തുടങ്ങിയവർ അണിനിരക്കുന്ന പരേഡ് നടക്കും. പരിപാടിയിൽ മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും.

