ദില്ലി: കുട്ടികൾക്കായുള്ള കോവിഡ് വാക്‌സിന്‍ ഉടന്‍ വേണ്ടെന്ന് തീരുമാനവുമായി വിദഗ്ധ സമിതിയംഗം. ഇതുവരെ രാജ്യത്ത് 12 വയസില്‍ താഴെയുള്ള ഒരു കുട്ടി പോലും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല. കോവിഡിനെതിരെ കുട്ടികള്‍ മികച്ച രോഗപ്രതിരോധശേഷിയാണ് പ്രകടിപ്പിക്കുന്നത്. അതിനാൽ തന്നെ ഉടന്‍ തന്നെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് വാക്‌സിനേഷനുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതിക ഉപദേശക സമിതി അംഗം ഡോ. ജയപ്രകാശ് മുളിയില്‍ പറഞ്ഞു.
കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചമാണ്. കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ ധൃതിയുടെ ആവശ്യമില്ല. ഇക്കാര്യം സമിതി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായി ജയപ്രകാശ് മുളിയില്‍ പറഞ്ഞു. കോവിഡ് മൂലം കുട്ടികളുടെ ഇടയില്‍ കാര്യമായി മരണം സംഭവിച്ചിട്ടില്ല. കാന്‍സര്‍ പോലുള്ള മറ്റു ഗുരുതര രോഗങ്ങള്‍ കൊണ്ടാണ് മരണം സംഭവിച്ചത്.
കോവിഡ് ബാധിച്ചത് കൊണ്ടാണ് കുട്ടികള്‍ മരിച്ചത് എന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അറിയപ്പെടുന്ന ഡോക്ടറാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ പകര്‍ച്ചവ്യാധി വിഭാഗം വിദഗ്ധനായ ജയപ്രകാശ് മുളിയില്‍.

