കോട്ടയം: ഗർഭസ്ഥ ശിശുവിന്റെ വൈകല്യങ്ങൾ കണ്ടുപിടിക്കാത്തതിന് ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും പിഴയിട്ട് ഉപഭോക്തൃ കോടതി. ഗർഭകാല ചികിത്സയിൽ തകരാറുകൾ കണ്ടുപിടിക്കാത്തതിന് ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്കെതിരെയാണ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ നടപടി. ആലപ്പുഴ ചതുർഥ്യാകരി സ്വദേശിനി സന്ധ്യാ മനോജാണ് പരാതി നൽകിയത്.
2016-ലാണ് കേസിനാസ്പദമായ സംഭവം. സന്ധ്യ സെന്റ് തോമസ് ആശുപത്രിയിൽ എല്ലാ മാസങ്ങളിലും സ്‌കാനിംഗ് നടത്തിയെങ്കിലും 13 മുതൽ 20 വരെയുള്ള ആഴ്ചയിൽ നടത്തേണ്ട അനാട്ടമി അൾട്രാ സൗണ്ട് സ്‌കാനിംഗ് നടത്തിയിരുന്നില്ല. പിന്നീടുള്ള സ്‌കാനിംഗിൽ പ്ലാസന്റയിൽ അപര്യാപ്തത കണ്ടെത്തിയെങ്കിലും ഗർഭസ്ഥ ശിശുവിന്റെ വൈകല്യങ്ങൾ കണ്ടെത്തനായില്ല. അവസാന സ്‌കാനിംഗിലും യാതൊരു തകരാറുകളും കണ്ടെത്തിയില്ല.
കുട്ടിക്ക് അനക്കം നഷ്ടപ്പെട്ടതായി തോന്നി പ്രസവം നേരത്തെയാക്കാൻ അഭ്യർഥിച്ചപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. പുതിയ ആശുപത്രിയിലെ സ്‌കാനിംഗിൽ കുട്ടിക്ക് വൈകല്യങ്ങൾ കണ്ടെത്തുകയും സിസേറിയന് വിധേയയാവുകയും ചെയ്തു. പ്രകടമായ വൈകല്യങ്ങൾ ഉള്ള കുട്ടി ജീവനറ്റാണ് പുറത്തുവന്നത്.
മാനസികമായി തകർന്ന സന്ധ്യാ മനോജ് ചികിത്സാ പിഴവിന് നഷ്ടപരിഹാരം തേടിയാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്. നിരവധി തവണ സ്‌കാനിംഗ് നടത്തിയിട്ടും കുട്ടിയുടെ വൈകല്യങ്ങൾ തിരിച്ചറിയാൻ ആവശ്യമായ പരിശോധന കൃത്യ സമയത്ത് നടത്താത്തത് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് കമ്മീഷൻ വിലയിരുത്തി. പരാതിക്കാരിയെയും കുടുംബത്തെയും മാനസികവിഷമത്തിലേക്ക് തള്ളിവിട്ടുവെന്നും കമ്മീഷൻ കണ്ടെത്തി. തുടർന്നാണ് കോട്ടയം ഉപഭോക്തൃ കോടതിയുടെ നടപടി.

