ഡല്‍ഹി: നെഹ്‌റു കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ചിട്ടില്ലെന്നും സുരക്ഷാച്ചുമതല എസ് പി ജിയില്‍നിന്ന് മാറ്റിയെങ്കിലും ഇസഡ് പ്ലസ് സുരക്ഷ നൽകുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
സുരക്ഷാഭീഷണികളെക്കുറിച്ചുള്ള പ്രൊഫഷണല്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭയിൽ എസ് പി ജി നിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
“തീരുമാനം പ്രതികാരരാഷ്ട്രീയമല്ല. എസ് പി ജി സുരക്ഷ പ്രധാനമന്ത്രിക്കുവേണ്ടിയുള്ളതാണ്. സോണിയയുടെയും കുടുംബത്തിന്റെയും സുരക്ഷ മോദിസര്‍ക്കാര്‍ പിന്‍വലിച്ചെന്നാണ് രാജ്യവ്യാപകമായി പ്രചാരണം നടക്കുന്നത്. ഇത് തെറ്റാണ്. സോണിയ പങ്കെടുത്ത ചടങ്ങുകളില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന ആരോപണം തെറ്റാണ്. കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തുകയാണ്” എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് ഗാന്ധികുടുംബത്തിന്റെ സുരക്ഷമാത്രമാണ് വിഷയമെന്നും മുന്‍ പ്രധാനമന്ത്രിമാരായ പി വി നരസിംഹറാവു, എസ് ചന്ദ്രശേഖര്‍, ഐ കെ ഗുജ്‌റാള്‍, എച്ച് ഡി ദേവഗൗഡ, ഡോ മന്‍മോഹന്‍സിങ് എന്നിവരുടെ എസ് പി ജി. സുരക്ഷ പിന്‍വലിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കാതിരുന്നത് എന്താണെന്നും അമിത് ഷാ ചോദിച്ചു.
സോണിയാഗാന്ധി 600 തവണ നടത്തിയ യാത്രകള്‍ എസ്.പി.ജി.യെ അറിയിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 1892 തവണ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഒഴിവാക്കി ഡല്‍ഹിയിലൂടെ യാത്രചെയ്തു. ഡല്‍ഹിക്കുപുറത്താകട്ടെ, 247 വട്ടം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഒഴിവാക്കി. ഡല്‍ഹിക്കുപുറത്ത് രാഹുല്‍ഗാന്ധി നടത്തിയ 247 യാത്രകള്‍ എസ് പി ജി ജി യെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തണുപ്പ് ആസ്വദിക്കാന്‍ സുരക്ഷയൊഴിവാക്കി ഡല്‍ഹി നഗരത്തിലൂടെ മോട്ടോര്‍ സൈക്കിളില്‍ പാതിരാത്രി 100 കിലോമീറ്റര്‍ വേഗത്തില്‍ പായുന്നവര്‍ക്ക് എസ് പി ജി സുരക്ഷ നല്‍കേണ്ട കാര്യമുണ്ടോയെന്ന് അമിത് ഷാ ചോദിച്ചു.

