സ്റ്റോക്ക്‌ഹോം: 2019 വര്‍ഷത്തിലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്. രണ്ടു പതിറ്റാണ്ടുകളായി അയല്‍ രാജ്യമായ എറിട്രിയയുമായി നിലനിന്നിരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനക്കരാര്‍ ഉണ്ടാക്കിയതിനാണ് പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം ലഭിക്കാന്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതും അബി അഹമ്മദിന് തന്നെയായിരുന്നു.
രണ്ടു പതിറ്റാണ്ടുകളായി അയല്‍രാജ്യമായ എറിട്രിയയുമായി എത്യോപ്യ അതിര്‍ത്തി തര്‍ക്കത്തിലായിരുന്നു. ഇതിന്റെ പേരിലുണ്ടായ നിരവധി സംഘര്‍ഷങ്ങളിലും ഏറ്റുമുട്ടലുകളിലും നിരവധി സൈനികര്‍ക്ക് ജീവഹാനിയുണ്ടാകുകയും ചെയ്തിട്ടുണ്ട്.
2018 ഏപ്രിലിലാണ് അബി എത്യോപ്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഇതിന് പിന്നാലെ ശ്രദ്ധേയ തീരുമാനങ്ങള്‍ കൈക്കൊണ്ട അദ്ദേഹം ആദ്യം രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചു. പിന്നാലെ തടവിലാക്കപ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തകരെയും ജയില്‍ മോചിതരാക്കി. ആഭ്യന്തര കലഹങ്ങള്‍ മൂലം രാജ്യം വിടേണ്ടി വന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് മടങ്ങിയെത്താനും അദ്ദേഹം അവസരമൊരുക്കി. ഇതിന് ശേഷമാണ് രണ്ടു പതിറ്റാണ്ട് നീണ്ട എറിട്രിയയുമായുള്ള തര്‍ക്കത്തിന് പരിഹാരമുണ്ടാക്കിയത്.

