തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം അവസാനിക്കും. ഏപ്രില്‍ 23ന് നടക്കുന്ന വോട്ടെടുപ്പിനായി അവസാനവട്ട ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ.
തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച നിശ്ചിതസമയത്തിനുള്ളില്‍ സംസ്ഥാനത്ത് സമര്‍പ്പിക്കപ്പെട്ടത് 303 നാമനിര്‍ദ്ദേശപത്രികകളാണ്. സൂക്ഷ്മപരിശോധനയില്‍ ഇവയുടെ എണ്ണം 243 ആയി കുറഞ്ഞു. ഇന്നു വൈകുന്നേരം വരെയാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം. മുന്നണിയിലെ ധാരണകള്‍ക്ക് അനുസരിച്ച് ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുന്നതോടെ എണ്ണം ഇനിയും കുറയും. ഇന്നു വൈകുന്നേരത്തോടെ സ്ഥാനാര്‍ഥികളുടെ കൃത്യമായ ചിത്രം വ്യക്തമാകും.
ചില പ്രധാന മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയുയര്‍ത്തി അപരന്മാര്‍ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്തി നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ഏപ്രില്‍ 23ന് നടക്കുന്ന വോട്ടെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയാണ്.

