Sunday, December 21, 2025

ഹോംവർക്ക് ചെയ്യാത്തത് അദ്ധ്യാപികയെ അറിയിച്ചു; ക്ലാസ് ലീഡറുടെ കുടിവെള്ളത്തിൽ വിഷം കലക്കി സഹപാഠികൾ! എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്

ചെന്നൈ: സേലത്ത് ക്ലാസ് ലീഡറുടെ കുടിവെള്ളത്തിൽ വിഷം കലക്കിയ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്. സേലം ശങ്ക​ഗിരി സർക്കാർ സ്കൂളിലാണ് ക്ലാസ് ലീഡർ കുപ്പിയിൽ കൊണ്ടുവന്ന വെള്ളത്തിൽ സഹപാഠികൾ വിഷം കലക്കിയത്. വെള്ളം കുടിക്കുന്നതിനിടെ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി തുപ്പിക്കളഞ്ഞതിനാൽ രക്ഷപ്പെട്ടു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളത്തിന്റെ രുചി വ്യത്യാസം കുട്ടി അദ്ധ്യാപികയെ അറിയിച്ചതിനെ തുടർന്നാണ് കുട്ടികൾ വിഷം കലക്കിയ വിവരം പുറത്തറിഞ്ഞത്. അദ്ധ്യാപികയുടെ ഇടപെടലിൽ വെള്ളം രാസപരിശോധനക്കയച്ചു. പരിശോധനയിൽ വെള്ളത്തിൽ വിഷം കലർന്നതായി കണ്ടെത്തി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

ഹോംവർക്ക് ചെയ്യാതെ വിദ്യാർത്ഥികൾ എത്തിയത് അദ്ധ്യാപികയെ അറിയിച്ചതിനെ തുടർന്നുണ്ടായ പകയാണ് വിഷം കലക്കാൻ കാരണമെന്ന് കുട്ടികൾ പോലീസിനോട് സമ്മതിച്ചു. തിരുച്ചെങ്കോട് സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. രണ്ട് ആൺകുട്ടികൾക്കെതിരെ ഐപിസി സെക്ഷൻ 328 പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

അച്ഛന്റെ കൃഷിയിടത്തിൽ നിന്ന് കീടനാശിനി മോഷ്ടിച്ചാണ് ലീഡറുടെ വെള്ലത്തിൽ കലക്കിയതെന്നും വയറിളക്കമുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും കസ്റ്റഡിയിലാ‌യ വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞു. രണ്ട് വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് നൽകാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ശങ്കഗിരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.രാജ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Articles

Latest Articles