ഷറഫുദ്ദീനുംഅനുപമ പരമേശ്വരനും കേന്ദ്ര കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കോമഡി എൻ്റർടെയിനർ ചിത്രം ‘ദി പെറ്റ് ഡിറ്റക്റ്റീവ്’ 2025 ഒക്ടോബർ16 -ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത് . ‘സമ്പൂർണ മൃഗാധിപത്യം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഒരു പക്കാ ഫാമിലി എൻ്റർടെയിനർ ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.നേരത്തെ ഏപ്രിൽ 25-ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിൻ്റെ റിലീസ് തീയതിയാണ് ഇപ്പോൾ ഒക്ടോബറിലേക്ക് മാറ്റിയിരിക്കുന്നത്. ചിത്രത്തിൽ ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരുടെ പ്രൊമോ ഗാനമായ ‘തരളിത യാമം’ ഉൾപ്പെടെയുള്ളവ അടുത്തിടെ പുറത്തിറങ്ങി മികച്ച പ്രതികരണം നേടിയിരുന്നു. ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന ചിത്രത്തിൻ്റെ സഹ എഴുത്തുകാരിൽ ഒരാളായ പ്രനീഷ് വിജയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘പെറ്റ് ഡിറ്റക്റ്റീവി’നുണ്ട്.
അനുപമ പരമേശ്വരൻ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തുന്ന ചിത്രം എന്ന നിലയിലും പ്രേക്ഷകർ ആകാംക്ഷയോടെയാണ് ‘പെറ്റ് ഡിറ്റക്റ്റീവി’നായി കാത്തിരിക്കുന്നത്.
പടക്കളം എന്ന സൂപ്പർഹിറ്റിന് ശേഷം പുറത്ത് വരുന്ന ഷറഫുദ്ദീൻ ചിത്രമെന്ന നിലയിലും ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പ്രേമത്തിന് ശേഷം ഷറഫുദ്ദീൻ- അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയാണ് “പെറ്റ് ഡിറ്റക്ടീവ്” പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇവരെ കൂടാതെ വിനയ് ഫോർട്ട്, രണ്‍ജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയത്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.അതേസമയം തമാശ കഥാപാത്രങ്ങളിൽ തുടങ്ങി പിന്നീട് സീരിയസ്, വില്ലൻ, സ്വഭാവ വേഷങ്ങളിലൂടെ നടനെന്ന നിലയിൽ തന്റെ കഴിവ് തെളിയിക്കുകയും ഇപ്പോൾ നായകനിരയിൽ സ്വന്തമായ ഒരിടം കണ്ടെത്തുകയും ചെയ്ത ഷറഫുദ്ദീന്റെ ആരാധകവൃന്ദം വളരെ വലുതാണ്. അത്കൊണ്ട് തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമക്കായി കാത്തിരിക്കുന്നത് .

