Saturday, December 20, 2025

അഫ്‌ഗാനിസ്ഥാനിലെ സ്ഥിഗതികൾ വളരെ ശ്രദ്ധയോടെ നോക്കിക്കാണേണ്ടത്; രാജ്യങ്ങൾ തമ്മിൽ സഹകരണത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് അജിത് ഡോവൽ

ദില്ലി: അഫ്‌ഗാനിസ്ഥാനിലെ സ്ഥിഗതികൾ വളരെ ശ്രദ്ധയോടെ നോക്കിക്കാണേണ്ടത്താണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ (Ajit Doval). അഫ്ഗാൻ വിഷയത്തിൽ ഇന്ത്യ വിളിച്ച് ചേർത്ത നിർണ്ണായക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിൽ സംഭവിക്കുന്ന ഓരോ കാര്യവും ആ രാജ്യത്തെ ജനങ്ങളെ മാത്രമല്ല, അയൽരാജ്യങ്ങളേയും കൂടി ബാധിക്കും. അഫ്ഗാൻ വിഷയത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനും കൂടിയാലോചനകൾക്കുമുള്ള സമയമാണിത്. അഫ്ഗാൻ ജനതയെ സഹായിക്കാനും, അവരുടെ സുരക്ഷ വർദ്ധിപ്പിക്കാനുമുള്ള നീക്കങ്ങൾ ചർച്ചയിലൂടെ ഉരുത്തിരിയുമെന്നതിൽ തനിക്ക് വിശ്വാസമുണ്ടെന്നും അജിത് ഡോവൽ വ്യക്തമാക്കി.

അഫ്ഗാനിൽ താലിബാൻ (Taliban) അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സുരക്ഷാ സാഹചര്യങ്ങളും മറ്റും വിലയിരുത്തുന്നതിനായി ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരിക്കുന്നത്. റഷ്യ, ഇറാൻ, തജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഖസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ ഏഴ് രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരാണ് കൂടിക്കാഴ്ച നടത്തുന്നത്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്നും അവർക്ക് മാനുഷികസഹായം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ വർദ്ധിച്ചിരിക്കുകയാണെന്നും ഖസാക്കിസ്ഥാൻ നാഷണൽ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ കരിം മാസിമോവ് പറഞ്ഞു.

അവിടുത്തെ സാമൂഹിക അന്തരീക്ഷവും ഏറെ പരിതാപകരമായ അവസ്ഥയിലാണ്. ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഏറെ ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാനിൽ നിന്നുള്ള കുടിയേറ്റം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനി പറഞ്ഞു. ഈ പ്രതിസന്ധി രാജ്യം കൃത്യമായി പരിഹരിക്കും. അഫ്ഗാനിൽ നിന്നും ധാരാളം അഭയാർത്ഥികൾ ഇറാനിലേക്ക് എത്തുന്നുണ്ട്. അവരെ കൂടി ഉൾക്കൊള്ളിച്ച് കൊണ്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അത് എത്രയും വേഗം നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles