ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിനും വേദിയാകുന്ന ഒഡിഷയിൽ നിലവിലെ ഭരണകക്ഷിയായ ബിജെഡിയെ പിന്തള്ളി ബിജെപി മുന്നേറുന്നു. ആദ്യ ഘട്ട ഫല സൂചനകൾ വരുമ്പോൾ ബിജെപി 21 സീറ്റിലും ബിജെഡി 10 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് 4 സീറ്റുകളിലും സിപിഎം ഒരു സീറ്റിലും നേരിയ ലീഡ് പുലർത്തുന്നുണ്ട്. ഒരു സീറ്റിൽ സ്വതന്ത്രനാണ് മുന്നേറുന്നത്. 25 വർഷത്തോളം നവീൻ പട്നായിക്കിന്റെ നേതൃത്വത്തിൽ ഒഡിഷയിൽ നടന്നു വന്ന ബിജെഡി ഭരണം ഇത്തവണ തുടച്ചുമാറ്റപ്പെടും എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. 2000 മാർച്ച് മുതലാണ് നവീൻ പട്നായിക്ക് മുഖ്യമന്ത്രി പദവിയിലേക്ക് വരുന്നത്. രാഷ്ട്രീയ രംഗത്ത് താല്പര്യമില്ലാതിരുന്നിട്ടും പിതാവ് ബിജു പട്നായിക്കിന്റെ നിർബന്ധ പ്രകാരമാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന ആരോപണം നേരത്തെ ഉള്ളതാണ്.
147 അംഗ ഒഡിഷ നിയമസഭയിൽ നിലവിൽ ബിജെഡിക്ക് 112 മെമ്പര്മാരാണ് ഉള്ളത്. മുഖ്യ പ്രതിപക്ഷമായ ബിജെപിക്ക് 23 അംഗങ്ങളും കോൺഗ്രസിന് 9 അംഗങ്ങളുമുണ്ട്. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ അനാരോഗ്യവും തമിഴ്നാട്ടുകാരൻ വി കെ പാണ്ട്യനോട് അദ്ദേഹത്തിനുള്ള അമിത വിധേയത്വവും പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാര താക്കോൽ നഷ്ടമായതും ഉൾപ്പെടെ തീപാറുന്ന വിഷയങ്ങൾ മുഖ്യ വിഷയമായ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെത്തിയപ്പോൾ ഇക്കാര്യങ്ങൾ ആവർത്തിച്ച് പറയുകയും ചെയ്തിരുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് വേദിയാകുന്ന ആന്ധ്രാപ്രദേശിലും നിലവിലെ ഭരണകക്ഷിക്ക് കാലിടറുകയാണ്. സംസ്ഥാനത്ത് എൻഡിഎ മുന്നണിയുടെ ഭാഗമായ തെലുങ്ക് ദേശം പാര്‍ട്ടിയാണ് മുന്നിട്ട് നിൽക്കുന്നത്. നാലു സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നു.
ടിഡിപിയിലൂടെ മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കും എന്നാണ് എന്‍.ഡി.എ നേതാക്കള്‍ കരുതുന്നത്. ആദ്യ ഫലസൂചനകള്‍ ബിജെപിക്കനുകൂലവുമാണ്.
എന്‍ഡിഎ യുടെ ഭാഗമായ ടിഡിപി മികച്ച രീതിയില്‍ മുന്നേറ്റം കാഴ്ച വെക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

