Sunday, December 21, 2025

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു; ഇരുന്നൂറ് കടന്ന് രോഗബാധിതർ; 6,317 പേര്‍ക്ക് കോവിഡ്

ദില്ലി: രാജ്യത്ത് ഒമിക്രോൺ കേസുകൾ (Omicron Cases In India) വർധിക്കുന്നതായി റിപ്പോർട്ട്. ഇതുവരെ 213 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദില്ലിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്. ഇന്നലെ മഹാരാഷ്ട്രയിൽ മാത്രം 11 കേസുകളാണ് രജിസ്റ്റർ ചെയ്തതത്. ഇതോടെ മഹാരാഷ്ട്രയിൽ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ ആകെ എണ്ണം 54 ആയി. ഒമിക്രോൺ കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രാത്രി കർഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കർശന നടപടികൾ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കൽ തുടങ്ങിയ നടപടികൾ പരിഗണിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു.

അതേസമയം ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്നും ‘യുദ്ധസജ്ജ’മാകാനും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 6,317 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,906 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,01,966 ആയി. രോഗമുക്തി നിരക്ക് 98.40 ആണ്. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.51 ശതമാനം മാത്രമാണ്. കഴിഞ്ഞ 79 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 38 ദിവസമായി ഒരു ശതമാനത്തിൽ താഴെ, 0.58%. ആകെ നടത്തിയത് 66.74 കോടി പരിശോധനകൾ, ഇതുവരെ 138.96 കോടി ഡോസ് വാക്സീൻ നൽകി.

കേരളത്തിലും രോഗവ്യാപനം കുറയുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞദിവസം 2,748 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107, ആലപ്പുഴ 106, മലപ്പുറം 97, പാലക്കാട് 86, ഇടുക്കി 61, കാസര്‍ഗോഡ് 56 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,36,864 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,32,731 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4133 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 184 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 28,035 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

Related Articles

Latest Articles