ഓണസദ്യ എന്ന് പറഞ്ഞാൽ തന്നെ ഏറ്റവും ഒടുവിൽ വിളമ്പുന്ന പായസത്തിന്റെ മധുരമാണ്. ഓണക്കാലത്തിന്റെ ഗ്രാമീണ ലാളിത്യമില്ലാതാവുമ്പോഴും ഓണവിഭവങ്ങളുടെ രുചിയിൽ മലയാളികൾക്കു വിട്ടുവീഴ്ചയില്ല. കാലമെത്ര കഴിഞ്ഞാലും അമ്മയുണ്ടാക്കി തന്ന അതേ രുചിയെ പിന്തുടരുന്നു നമ്മൾ. ഓണസദ്യയിൽ മധുരം നിറയ്ക്കാൻ വ്യത്യസ്തമായ പായസ രുചികൾ. ചുവടുകട്ടിയുള്ള പാത്രങ്ങളാണ് പായസമുണ്ടാക്കാൻ നല്ലത്. പായസത്തിൽ ചേർക്കുന്ന അരിയും അടയും നന്നായി വെന്തുകിട്ടണം. പരിപ്പു കൊണ്ടുള്ള പായസത്തിനു വേവ് പക്ഷേ, പാകമായിരിക്കണം. ഏതു പായസത്തിനും നല്ല ക്ഷമ വേണം. നന്നായി കുറുകി കിട്ടിയില്ലെങ്കിൽ പായസമാവില്ല. തേങ്ങാപാൽ ഒഴിക്കുന്ന പായസങ്ങളിൽ ഒന്നാം പാൽ അധികം തിളയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.

പൊന്നിൻ തിളക്കമുള്ള ഉരുളിയിൽ പാലും പഞ്ചസാരയും നെയ്യും ചേർത്ത് വരട്ടിയെടുത്ത് മേമ്പൊടിക്ക് ഏലത്തരികൾ വിതറി പാകപ്പെടുത്തി എടുക്കുന്ന പായസത്തിന്റെ മണം തന്നെ നമ്മിൽ ഹർഷോന്മാദം പകരും.
തിരുവോണ സദ്യയിൽ പ്രധാനിയും ഏറ്റവും ഒടുവിൽ പാചകം ചെയ്യുന്ന ഒന്നുമാണ് പായസം. “പയസ്സ്” എന്നാൽ പാൽ എന്നർത്ഥം. പയസ് ചേർത്തത് പായസം. രണ്ട് തരം പാലാണ് പൊതുവെ പായസത്തിൽ ഉപയോഗിക്കുന്നത്. പശുവിൻപാലും തേങ്ങാപ്പാലും. ശർക്കര ചേർത്ത് തയാറാക്കുന്ന പായസത്തിൽ തേങ്ങാപ്പാലും പഞ്ചസാര ചേർത്ത് തയാറാക്കുന്ന പായസത്തിൽ പശുവിൻ പാലുമാണ് ഉപയോഗിക്കുന്നത്.

പായസങ്ങളുടെ മാധുര്യമാണ് സദ്യയുടെ പൂർണതയ്ക്ക് മിഴിവേകുന്നത്. പായസം കുടിച്ച് ചെടിച്ച് പോയാൽ തൊട്ട് നക്കാൻ നാരങ്ങാക്കറിയും ഇഞ്ചിക്കറിയും, മാങ്ങാക്കറിയും ഉണ്ട്. പായസങ്ങൾ ഇപ്പോൾ ഒട്ടേറെ തരത്തിലുണ്ട്. പായസത്തിൽ ഒന്നാമനായ അടപ്രഥമന് ഒപ്പം നിൽക്കുന്നതാണ് സേമിയ പായസം. അതിനുപുറമെ പൈനാപ്പിൾ പായസം, ഉണക്കലരി പായസം, ചേനപ്പായസം, കാരറ്റ് പായസം, ഇങ്ങനെ പായസങ്ങൾ നിരവധിയുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

