മുംബൈ : ബോളിവുഡിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന തുറന്നുപറച്ചിലുമായി പ്രമുഖ നടി കൊങ്കണ സെൻശർമ്മ. നിരവധി ലൈംഗികാതിക്രമങ്ങളാണ് സിനിമാ സെറ്റുകളിൽ സംഭവിച്ചിട്ടുള്ളതെന്നും എന്നാൽ ഇവയൊന്നും റിപ്പോർട്ട് ചെയ്യപ്പെടുകയോ പുറത്തുവരികയോ ചെയ്തിട്ടില്ലെന്നും സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൊങ്കണ തുറന്നുപറഞ്ഞു.
“നിരവധി ലൈംഗികാതിക്രമങ്ങൾ ആണ് സിനിമാ സെറ്റുകളിൽ സംഭവിച്ചിട്ടുള്ളത്. എന്നാൽ ഇവയൊന്നും റിപ്പോർട്ട് ചെയ്യപ്പെടുകയോ പുറത്തുവരികയോ ചെയ്തിട്ടില്ല. ഇതിനെല്ലാം ദൃക്‌സാക്ഷിയാകുക എന്നത് ഏറെ പ്രയാസകരമാണ്. ഇത്തരത്തിലുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നതും കഷ്ടമാണ്. നമ്മുടെ മുൻപിൽ മാന്യരായി നടക്കുന്ന സിനിമ ഇൻഡസ്ട്രിയിലെ പല ആളുകളും പ്രശ്‌നക്കാരാണ്.
സിനിമ സെറ്റുകളിൽ സീനിയർ നടിമാർക്ക് മാത്രമാണ് ബഹുമാനംം ലഭിക്കുന്നത്. സീനിയർ നടിയല്ലെങ്കിൽ നിങ്ങളെ ഫർണിച്ചറുകളെ പോലെയാണ് കണക്കാക്കുക. വാർത്തകളിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ വായിക്കുമ്പോൾ നിരാശ തോന്നാറുണ്ട്. ബോളിവുഡ് സിനിമയിൽ കടുത്ത ജാതീയ വർഗീയ വേർതിരിവ് ഉണ്ട്. എന്ത് കഴിക്കണം, എവിടെ ഇരിക്കണം തുടങ്ങി ഒരുപാട് കാര്യങ്ങൾ നിശ്ചയിക്കുന്നത് ജാതിയുടെയും വർഗത്തിന്റെയും അടിസ്ഥാനത്തിലാണ്.”- കൊങ്കണ പറഞ്ഞു.

