ഉത്തർപ്രദേശിൽ ബഹ്റയിച്ച് ജില്ലയിൽ ജനങ്ങൾക്കെതിരെ ആക്രമണം നടത്തുന്ന ചെന്നായ കൂട്ടത്തെ പിടികൂടാൻ തെരച്ചിൽ ശക്തമാക്കി വനം വകുപ്പ്. കൂട്ടത്തിലെ നേതാവായ ചെന്നായ അടക്കം നാല് ചെന്നായ്ക്കളെ പിടികൂടിയിട്ടുണ്ട്. വനംവകുപ്പും പോലീസും ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടത്തുകയാണ്. ചെന്നായ്ക്കളുടെ ആക്രമണത്തിൽ ഇത് വരെ 8 കുട്ടികളടക്കം 9 പേരാണ് കൊല്ലപ്പെട്ടത്.
ചെന്നായക്കൂട്ടത്തെ പിടികൂടാൻ ‘ഓപ്പറേഷൻ ഭേദിയ’ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഓപ്പറേഷൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പിടികൂടിയ ചെന്നായ്ക്കളെ മൃഗശാലയിലേക്ക് മാറ്റി. രണ്ട് ചെന്നായ്ക്കളെയാണ് ഇനി പിടികൂടാനുള്ളത്.
“ചെന്നായ്ക്കളെ പിടികൂടാൻ 16 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രോൺ ക്യാമറകളും തെർമൽ ഡ്രോൺ മാപ്പിംഗ് സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ചെന്നായ്ക്കളെ പിടികൂടുന്നത്. ആനയുടെ ചാണകവും മൂത്രവും ഉപയോഗിച്ച് ചെന്നായ്ക്കളുടെ വഴി തിരിച്ചുവിടാനും ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. വാതിലുകൾ ഇല്ലാത്ത വീടുകളിൽ വാതിലുകൾ സ്ഥാപിക്കുന്നുണ്ടെന്നും എല്ലാ ഗ്രാമങ്ങളിലും രാത്രി പട്രോളിംഗ് നടത്തുന്നുണ്ട്.”- ജില്ലാ മജിസ്‌ട്രേറ്റ് മോണിക്ക റാണി പറഞ്ഞു.

