ഉത്തര്‍പ്രദേശ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് യുപി സർക്കാർ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിലേർപ്പെടുന്നവരുടെ പേര് വിവരങ്ങൾ ഉൾപ്പെടെ പ്രസിദ്ധപ്പെടുത്തുന്നതാണ് പുതിയ നടപടി. ‘ഓപറേഷൻ ദുരാചാരി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി എന്നു മുതൽ ആരംഭിക്കുമെന്ന കാര്യം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
കുറ്റം തെളിയുന്നത് പ്രകാരം ആളുകളുടെ ചിത്രവും പേരും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രദർശിപ്പിക്കും. ഇത്തരം കേസുകൾ വനിതാ പൊലീസുദ്യോഗസ്ഥർ മാത്രമാകും കൈകാര്യം ചെയ്യുക.
സർക്കിൾ ഓഫീസ് മുതൽ താഴെക്കുള്ള തലങ്ങളിൽ അതാത് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ ഉറപ്പുവരുത്തണം. ഇതിനൊപ്പം സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കെതിരെയുള്ള ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവർത്തനം സംസ്ഥാനമൊട്ടാകെ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്. സ്ത്രീകളെ സ്ഥിരമായി ഉപദ്രവിക്കുവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. സ്ത്രീകൾക്കെതിരായ എല്ലാത്തരം കുറ്റകൃത്യങ്ങളും ‘ഓപറേഷൻ ദുരാചാരി’ യിൽ ഉൾപ്പെടുമെന്നും ഉത്തർപ്രദേശ് സർക്കാര്‍ അറിയിച്ചു.

