ലക്‌നൗ: ആഗോള ഭീകരാനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ഫോട്ടോ വെച്ച് ആരാധിച്ച യുവാവിന് കിട്ടിയത് മുട്ടൻ പണി. സര്‍ക്കാര്‍ വൈദ്യുതി വിതരണ കമ്പനി ഉദ്യോഗസ്ഥനെ ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തു. ആഗോള ഭീകരന്റെ ചിത്രം ഓഫീസില്‍ വെച്ച് ആരാധിച്ചതിനാണ് ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.
ദക്ഷിണാഞ്ചല്‍ വിദ്യുത് വിത്രന്‍ നിഗം ലിമിറ്റഡിലെ (ഡിവിവിഎന്‍എല്‍) സബ് ഡിവിഷണല്‍ ഓഫീസര്‍ രവീന്ദ്ര പ്രകാശ് ഗൗതം എന്ന ഉദ്യോഗസ്ഥനാണ് തന്റെ ഓഫീസില്‍ ലാദന്റെ ചിത്രം സ്ഥാപിച്ചത്. ‘ബഹുമാനപ്പെട്ട ഒസാമ ബിന്‍ ലാദന്‍, ലോകത്തിലെ ഏറ്റവും മികച്ച ജൂനിയര്‍ എഞ്ചിനീയര്‍’ എന്ന് എഴുതിയ ഒരു ചെറിയ കുറിപ്പും ഇയാള്‍ ചിത്രത്തിന് താഴെ ഇട്ടിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായതോടെയാണ് ഇത് മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇയാളെ ഉദ്യോഗത്തില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയായിരുന്നു. ബിന്‍ ലാദന്റെ ചിത്രവും ഓഫീസില്‍ നിന്നും എടുത്തുമാറ്റി.
എന്നാല്‍ സംഭവത്തെ ന്യായീകരിച്ചാണ് ഉദ്യോഗസ്ഥന്‍ വീണ്ടും സംസാരിച്ചത്. ആര്‍ക്കും ആരെയും ആരാധിക്കാനാകും. ലോകത്തിലെ ഏറ്റവും മികച്ച ജൂനിയര്‍ എഞ്ചിനീയറായിരുന്നു ഒസാമ ബിന്‍ ലാദന്‍. ചിത്രം നീക്കം ചെയ്തെങ്കിലും, അതിന്റെ നിരവധി കോപ്പികള്‍ തന്റെ പക്കലുണ്ടെന്ന് ഗൗതം പറഞ്ഞു.

