തിരുവനന്തപുരം: പാകിസ്ഥാൻ മുൻ പട്ടാള മേധാവി മുഷാറഫിന് കാർഗിൽ ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് ബലിദാനികളായ ഭാരത സൈനികരെ അപമാനിച്ച ബാങ്ക് ജീവനക്കാരുടെ സംഘടനക്കെതിരെ ഈ രംഗത്തെ മറ്റ് സംഘടനകൾ. രാജ്യദ്രോഹ നിലപാടുകൾ സ്വീകരിക്കുന്ന സംഘടനയുടെ അംഗത്വം ഉപേക്ഷിക്കാൻ എൻ ഒ ബി ഡബ്ള്യു, എൻ ഒ ബി ഒ എന്നീ സംഘടനകൾ ബാങ്ക് ജീവനക്കാരോട് ആഹ്വനം ചെയ്‌തു. കൂടാതെ ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റും ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ നേതാക്കൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുകയുമാണ്. എ ഐ ബി ഇ എ എന്ന സംഘടനയുടെ അഫിലിയേറ്റഡ് സംഘടനയായ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ ആണ് ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിൽ മുഷാറഫിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ തീരുമാനിച്ചിരുന്നത്. വാർത്ത തത്വമയി പുറംലോകത്തെ അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് സംഘടന ശ്രദ്ധാഞ്ജലി ലിസ്റ്റിൽ നിന്ന് മുഷാറഫിനെ ഒഴിവാക്കിയിരുന്നു.
മുഷറഫിന്റെ പേര് നീക്കം ചെയ്തതോടെ വിവാദം അവസാനിച്ചെന്നും എ ഐ ബി ഇ എ ക്കെതിരെ വീണ്ടും ആരോപണം ഉന്നയിക്കുന്ന സംഘടനകളുടെ ആഹ്വാനങ്ങൾ ജീവനക്കാർ തള്ളിക്കളയണമെന്നും ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അഭ്യർത്ഥിച്ച് എ ഐ ബി ഇ എ തന്നെ പുറത്തിറക്കിയ സർക്കുലറിലാണ് ഇത്തരം വിവരങ്ങളുള്ളത്. സംഘടനയ്‌ക്കെതിരെ രാജ്യദ്രോഹ നിലപാടിന്റെ പേരിൽ ബാങ്ക് ജീവനക്കാർ തന്നെ ഇപ്പോൾ രംഗത്ത് വരുന്നതായും സൂചനയുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളന വേദിയിലേക്ക് നേരത്തെ ബിജെപി മാർച്ച് സംഘടിപ്പിച്ചിരുന്നു.

