Friday, December 19, 2025

പി. ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: ഐഎന്‍എക്സ് മീഡിയ കേസില്‍ വാദം ഇന്നും തുടരും

ദില്ലി: ഐഎന്‍എക്‌സ് മീഡിയ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ പി. ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദമാണ് തുടരുക.

ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം. ഇത് വിദേശരാജ്യങ്ങളില്‍ നിന്ന് ഔദ്യോഗികമായി കിട്ടിയ തെളിവുകളാണ്. കുറ്റപത്രം നല്‍കുന്നതിന് മുമ്പ് ഈ തെളിവുകള്‍ പ്രതിക്ക് കൈമാറാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസിലെ തെളിവുകള്‍ വേണമെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.

കുറ്റപത്രം നല്‍കുന്നതിന് മുമ്പ് ആ തെളിവുകള്‍ പ്രതിക്ക് നല്‍കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത വ്യക്തമാക്കിയിരുന്നു. ഇന്ന് 11.30 നാണ് വാദം പുനരാരംഭിക്കുക.

കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ചിദംബരത്തിന് അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ തുടരും. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. നിലവില്‍ സിബിഐ കസ്റ്റഡിയിലാണ് ചിദംബരം.

Related Articles

Latest Articles