Tuesday, December 23, 2025

പത്മവിഭൂഷൺ യാമിനി കൃഷ്ണ മൂർത്തി അന്തരിച്ചു ! വിടവാങ്ങിയത് ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും ക്ലാസിക്കൽ ശൈലികൾക്ക് ലോകത്തിന്റെ അംഗീകാരം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നർത്തകി

രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച നർത്തകി യാമിനി കൃഷ്ണമൂർത്തി (84) അന്തരിച്ചു. അനാരോഗ്യം മൂലം ദില്ലിഅപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും ക്ലാസിക്കൽ ശൈലികൾക്ക് രാജ്യാന്തര തലത്തിൽ അംഗീകാരം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച യാമിനി കൃഷ്ണമൂർ‌ത്തിയെ 1968 ൽ പത്മശ്രീ (1968), പത്മഭൂഷൺ (2001), പത്മവിഭൂഷൺ (2016) എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. തിരുമല തിരുപ്പതി ദേവസ്‌ഥാനത്തിന്റെ ആസ്‌ഥാന നർത്തകി എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിൽ 1940 ഡിസംബർ 20 നാണ് യാമിനിയുടെ ജനനം. സംസ്‌കൃത പണ്ഡിതനും കവിയുമായ എം. കൃഷ്‌ണമൂർത്തിയാണ് പിതാവ്. അഞ്ചു വയസ്സുള്ളപ്പോൾ, ചെന്നൈയിൽ വിഖ്യാത നർത്തകി രുക്മിണീദേവി അരുണ്ഡേലിന്റെ കലാക്ഷേത്ര നൃത്തവിദ്യാലയത്തിൽ ഭരതനാട്യം പഠിക്കാൻ ചേർന്നു. പിന്നീട് തഞ്ചാവൂർ‌ കിട്ടപ്പ പിള്ള, ദണ്ഡായുധപാണി പിള്ള, മൈലാപ്പുർ ഗൗരിയമ്മ തുടങ്ങിയ നർത്തകരുടെ കീഴിൽ കൂടുതൽ‌ പരിശീലനം നേടി.

വേദാന്തം ലക്ഷ്മിനാരായണ ശാസ്ത്രി, ചിന്താ കൃഷ്ണമൂർത്തി തുടങ്ങിയവരുടെ ശിഷ്യയായി കുച്ചിപ്പുടിയും പങ്കജ് ചരൺ ദാസിന്റെയും കേളുചരൺ മഹാപത്രയുടെയും കീഴിൽ ഒഡീസിയും അഭ്യസിച്ചു. എം.ഡി.രാമനാഥനിൽനിന്നു കർണാടക സംഗീതവും കൽപകം സ്വാമിനാഥനിൽനിന്നു വീണയും പഠിച്ചിട്ടുണ്ട്. 1957 ൽ ചെന്നെയിലായിരുന്നു അരങ്ങേറ്റം. ‘എ പാഷൻ ഫോർ ഡാൻസ്’ എന്ന പേരിൽ ആത്മകഥയെഴുതിയിട്ടുണ്ട്.

Related Articles

Latest Articles