കൽപ്പറ്റ : വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ കെടുതികൾ അനുഭവിക്കുന്നവര്‍ക്ക് മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തി അയ്യായിരം രൂപയുടെ സംഭാവന ഇവര്‍ നൽകി. കോഴിക്കോട് നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന് സംഭാവന കൈമാറി. ദുരിത ബാധിത പ്രദേശങ്ങളിലേക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന അവശ്യ സാധനങ്ങളും എത്തിച്ചു നൽകി. ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ടിൻ്റു മാത്യു, സുഗീത് എസ്, പ്രജിത്ത് പി, രാജൻ വെളിമുക്ക് എന്നിവർ നേതൃത്വം നൽകി.
നേരത്തെ വയനാടിന് മൂന്ന് കോടിയുടെ സഹായം മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു . നടന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനായിരിക്കും മൂന്ന് കോടിയുടെ പദ്ധതികൾ വയനാട്ടിൽ നടപ്പിലാക്കുക. മുണ്ടക്കൈ സ്കൂൾ എൽ.പി സ്കൂൾ പുനർനിർമിക്കുമെന്നും മോഹൻലാൽ അറിയിച്ചിരുന്നു .

