Friday, May 3, 2024
spot_img

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി ചരിത്രമെഴുതി പത്മലക്ഷ്മി; അഭിനന്ദനമറിയിച്ച് സംസ്ഥാന നിയമമന്ത്രിയടക്കമുള്ള പ്രമുഖർ

കൊച്ചി : സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി എൻറോൾ ചെയ്ത് ചരിത്രം സൃഷ്ടിച്ച് പത്മലക്ഷ്മി. പത്മലക്ഷ്മിയുടെ നേട്ടത്തിൽ അഭിനന്ദങ്ങളുമായി സംസ്ഥാന നിയമമന്ത്രി പി.രാജീവടക്കമുള്ളവർ രംഗത്തു വന്നു. മന്ത്രി സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പിലൂടെയാണ് തന്റെ ആശംസകൾ അറിയിച്ചത്. ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെപ്പോഴും കഠിനമായ നേട്ടമാണെന്നും നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകുമെന്നും എല്ലാത്തിനെയും അതിജീവിച്ചാണ് നിയമചരിത്രത്തിൽ സ്വന്തം പേര് പത്മലക്ഷ്മി എഴുതിച്ചേർത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പി.രാജീവ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി എൻറോൾ ചെയ്ത പത്മലക്ഷ്മിക്ക് അഭിനന്ദനങ്ങൾ. ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെപ്പോഴും കഠിനമായ നേട്ടമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയിൽ മുൻഗാമികളില്ല. തടസ്സങ്ങൾ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. ഇതിനെയെല്ലാം അതിജീവിച്ചാണ് നിയമചരിത്രത്തിൽ സ്വന്തം പേര് പത്മലക്ഷ്മി എഴുതിച്ചേർത്തിരിക്കുന്നത്.

നീതിക്കായുള്ള പോരാട്ടത്തിൽ ഏത് ഭാഗത്ത് നിൽക്കണമെന്ന് പത്മലക്ഷ്മി കടന്നുവന്ന വഴികൾ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള യാത്രയിൽ നിയമത്തിന്റെ കരുത്തുമായി, നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്‌ദമാകുകയാണ്‌ ലക്ഷ്യമെന്ന പത്മലക്ഷ്മിയുടെ വാക്കുകൾ അത്രമേൽ മൂർച്ചയുള്ളതാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള കൂടുതലാളുകൾ അഭിഭാഷകവൃത്തിയിലേക്ക് കടന്നുവരുന്നതിന് പത്മലക്ഷ്മിയുടെ ജീവിതം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. പത്മലക്ഷ്മിയെയും ഇന്നലെ എൻറോൾ ചെയ്ത 1528 അഭിഭാഷകരെയും ഒരിക്കൽകൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Related Articles

Latest Articles