Thursday, November 26, 2026

ഭീകരാക്രമണത്തിന്റെ ആഘാതം മറികടന്ന് പഹൽഗാമിൽ വിനോദസഞ്ചാരം തിരിച്ചുവരുന്നു: സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന

2025 ഏപ്രിലിൽ ബൈസരൺ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത തിരിച്ചടി നേരിട്ട ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാര മേഖല വീണ്ടും സജീവമാകുന്നു. സന്ദർശകരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയതോടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും പ്രതീക്ഷയേറുകയാണ്. ജമ്മു കശ്മീർ ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2025 ഏപ്രിൽ മുതൽ 2026 ഏപ്രിൽ വരെ ഏകദേശം 9.94 ലക്ഷം വിനോദസഞ്ചാരികളാണ് പഹൽഗാമിലെത്തിയത്. ആക്രമണത്തിന് പിന്നാലെ 2025 മേയിൽ സന്ദർശകരുടെ എണ്ണം 15,302 ആയി കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ വിനോദസഞ്ചാരികളുടെ വരവ് ക്രമേണ വർധിച്ചു. 2026 ഏപ്രിൽ 20 വരെയുള്ള കണക്കനുസരിച്ച് ഈ വർഷം മാത്രം 3.36 ലക്ഷത്തിലധികം പേർ പഹൽഗാം സന്ദർശിച്ചിട്ടുണ്ട്.

വിനോദസഞ്ചാരികളുടെ തിരിച്ചുവരവ് ഹോട്ടൽ മേഖലയ്ക്കും പ്രാദേശിക വ്യാപാരികൾക്കും കുതിരസവാരി തൊഴിലാളികൾക്കും പ്രതീക്ഷ നൽകുന്നുണ്ട്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ടൂറിസം മേഖലയിലെ സേവനദാതാക്കൾക്കും കച്ചവടക്കാർക്കും പൊലീസ് പരിശോധനയും ക്യുആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആക്രമണം നടന്ന ബൈസരൺ ഉൾപ്പെടെയുള്ള ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇപ്പോഴും നിയന്ത്രണത്തിലാണ്. സന്ദർശകരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും താമസദൈർഘ്യവും ഹോട്ടൽ ബുക്കിങ്ങും പഴയ നിലയിലേക്ക് പൂർണമായി തിരിച്ചെത്തിയിട്ടില്ലെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തൽ. സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയും വിനോദസഞ്ചാരികളുടെ വിശ്വാസം വീണ്ടെടുത്തും പഹൽഗാമിന്റെ വിനോദസഞ്ചാര മേഖലയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Related Articles

Latest Articles