ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു സംഭവം. പാക് ഡ്രോണാണ് അതിർത്തി കടന്നെത്തിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് സൈനികർ പാക് ഭാഗത്ത് നിന്നും അതിർത്തി ലക്ഷ്യമിട്ട് ഡ്രോൺ എത്തുന്നത് ശ്രദ്ധിച്ചിരുന്നു. ഡ്രോൺ അടുത്തെത്തിയതോടെ സൈനികർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ബിഎസ്എഫ് പരിശോധന നടത്തി. ആയുധമോ മയക്കുമരുന്നോ കടത്താനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് ഇന്ന് രാവിലെ രാംഗഡ് സെക്ടറിലെ നാരായൺപൂർ മേഖലയിലും ബിഎസ്എഫ് പരിശോധന നടത്തി.

