Monday, January 5, 2026

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കമ്പ്യൂട്ടര്‍ വിവരങ്ങള്‍ പാക് നുഴഞ്ഞുകയറ്റക്കാര്‍ ചോര്‍ത്തി; ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ്

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌‌വെയറിലെ വിവരങ്ങള്‍ പാകിസ്ഥാന്‍ കേന്ദ്രമായ നുഴഞ്ഞുകയറ്റക്കാര്‍ ചോര്‍ത്തി. നാല് വര്‍ഷത്തെ വിവരങ്ങളാണ് നഷ്ടപ്പെട്ടത്. രോഗികളുടെ പേരും വിലാസവും രോഗവിവരവും അടങ്ങിയ സോഫ്റ്റ്‌വെയര്‍ പാകിസ്ഥാന്‍ കേന്ദ്രമായ ബിറ്റ്കോയിന്‍ എന്ന ഐ.പി വിലാസം മുഖേനയാണ് ഹാക്ക് ചെയ്തത്. വിവരങ്ങള്‍ തിരിച്ചുനല്‍കണമെങ്കില്‍ രണ്ടര ലക്ഷത്തോളം രൂപ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ളില്‍ പണം അയച്ചുകൊടുത്തില്ലെങ്കില്‍ വിവരം തിരിച്ചുനല്‍കില്ലെന്ന് ആശുപത്രിയിലെ കമ്പ്യൂട്ടറില്‍ ലഭിച്ച സന്ദേശത്തില്‍ കണ്ടെത്തി.

സെപ്തംബര്‍ ഒന്നിന് പുലര്‍ച്ചെ 4.40നും രണ്ടിന് ഉച്ചയ്ക്ക് ഒരുമണിക്കുമിടയിലാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇന്നലെ രാവിലെ ആശുപത്രി ഒ.പി വിഭാഗത്തിന്റെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തപ്പോഴാണ് വിവരങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ സ്വകാര്യ ഏജന്‍സി തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാകിസ്ഥാന്‍ കേന്ദ്രമായ ഏജന്‍സിയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയത്. ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സാജന്‍ മാത്യൂസ് സൈബര്‍ പൊലീസിന് പരാതി നല്‍കി.

ജില്ലാ മെഡിക്കല്‍ ഒാഫീസറെയും വീണാ ജോര്‍ജ് എം.എല്‍.എയെയും വിവരം അറിയിച്ചു.കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്തതിലൂടെ സെപ്തംബര്‍ ഒന്നിന് പുലര്‍ച്ചെ 4.40 മുതല്‍ രണ്ടിന് ഉച്ചവരെയുള്ള ഒന്നര ദിവസത്തെ വിവരങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. ബാക്കിയുള്ളവ ബാക്ക് ഫയലുകളായി സൂക്ഷിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

സൈബര്‍ സെല്‍ വിഭാഗം നടത്തുന്ന പരിശോധനയില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നഷ്ടപ്പെട്ടോ എന്നറിയാന്‍ കഴിയൂ. സംഭവം അറിഞ്ഞ് സ്പെഷ്യല്‍ ബ്രാഞ്ച് ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
ആശുപത്രിയില്‍ ഒ.പി, ഐ.പി വിഭാഗങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിച്ചത് 2016ലാണ്. അന്നുമുതല്‍ ഈ വര്‍ഷം ആഗസ്റ്റ് 31 വരെയുള്ള വിവരങ്ങള്‍ ബാക് ഫയലുകളായി സൂക്ഷിച്ചിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയതുവഴി കൂടുതലായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും പരിശോധിക്കുമെന്ന് പത്തനംതിട്ട പൊലീസ് ചീഫ് ജി. ജയദേവ് പറഞ്ഞു.

Related Articles

Latest Articles