ഹൈദരാബാദ്: കശ്മീരിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം പാകിസ്ഥാനും സ്വാർത്ഥമതികളായ പ്രാദേശിക രാഷ്ട്രീയ നേതാക്കളുമാണെന്ന് യാക്കൂബ് ഹബീബുദ്ദീൻ രാജകുമാരൻ. കശ്മീരിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്ക് കുടുംബ വാഴ്ചയിൽ മാത്രമാണ് താത്പര്യമെന്നും യാക്കൂബ് അഭിപ്രായപ്പെട്ടു. ആർട്ടിക്കിൾ-370 റദ്ദാക്കിയ ഇന്ത്യൻ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
സമാധാന ദൗത്യത്തിന് തനിക്ക് ഒരവസരം നൽകണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് അദ്ദേഹം അഭ്യർത്ഥിച്ചു. കശ്മീർ ജനതയെ കാര്യങ്ങൾ കൃത്യമായി ബോദ്ധ്യപ്പെടുത്താൻ തനിക്ക് കഴിയുമെന്നും യാക്കൂബ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
കേന്ദ്രസർക്കാരിന്‍റെ പുരോഗമനപരമായ ആശയങ്ങളെ പിന്തുണയ്ക്കുന്നതിന് തനിക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ ശക്തികളിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്നും രാഷ്ട്രപതിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളെ കണ്ട് സംവദിക്കാൻ കഴിഞ്ഞാൽ തനിക്ക് ഇന്ത്യൻ കാഴ്ചപ്പാടിനെ ഭംഗിയായ രീതിയിൽ വിശദീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അവസാന മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർഷാ സഫറിന്‍റെ പിന്തുടർച്ചക്കാരൻ എന്നാണ് യാക്കൂബ് ഹബീബുദ്ദീൻ രാജകുമാരൻ വിശേഷിപ്പിക്കപ്പെടുന്നത്.

