Sunday, January 4, 2026

“പാകിസ്ഥാൻ ജന്മഭൂമിയാകാം, പക്ഷേ ഭാരതം തന്റെ മാതൃഭൂമിയാണ്… ഒരു ക്ഷേത്രം പോലെയാണ്..” തുറന്നു പറച്ചിലുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

പാകിസ്ഥാൻ ജന്മഭൂമിയും ഭാരതം തന്റെ മാതൃഭൂമിയുമാണെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്ഥാനിലെ ജനങ്ങളില്‍നിന്ന് ലഭിച്ച സ്‌നേഹത്തിന് നന്ദിയുണ്ട്. എന്നാല്‍ ക്രിക്കറ്റ് കരിയറില്‍ കടുത്ത വിവേചനവും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങളും നേരിടേണ്ടിവന്നു എന്ന സത്യം മറച്ചു വയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാനിലെ ക്രിക്കറ്റ് ബോർഡിൽ നിന്നും അധികാരികളിൽ നിന്നും തനിക്ക് കടുത്ത വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, പാകിസ്ഥാൻ വിട്ട് ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ ഇന്ത്യൻ പൗരത്വം നേടാൻ തനിക്ക് പദ്ധതികളില്ലെന്നും, എന്നാൽ ഭാരതത്തെ താൻ മാതൃഭൂമിയായാണ് കാണുന്നതെന്നും കനേരിയ കൂട്ടിച്ചേർത്തു.

“പാകിസ്ഥാൻ എൻ്റെ ജന്മഭൂമിയാകാം, പക്ഷേ എൻ്റെ പൂർവ്വികരുടെ നാടായ ഭാരതം എൻ്റെ മാതൃഭൂമിയാണ്. എനിക്ക് ഭാരതം ഒരു ക്ഷേത്രം പോലെയാണ്. നിലവിൽ, എനിക്ക് ഇന്ത്യൻ പൗരത്വം നേടാൻ പദ്ധതികളില്ല. ഭാവിയിൽ എന്നെപ്പോലൊരാൾക്ക് അതിന് താൽപ്പര്യമുണ്ടെങ്കിൽ, ഞങ്ങൾക്കായി പൗരത്വ ഭേദഗതി നിയമം (CAA) നിലവിലുണ്ട്,” കനേരിയ തന്റെ എക്‌സ് (X) പോസ്റ്റിൽ പറഞ്ഞു.

കനേരിയയുടെ നിലപാടുകൾക്ക് പിന്നിൽ ഇന്ത്യൻ പൗരത്വം നേടാനുള്ള ആഗ്രഹമാണെന്ന ആരോപണങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളി. അടുത്തിടെ ആർഎസ്എസിൻ്റെ നൂറാം വാർഷികത്തിൽ അദ്ദേഹം സംഘടനയെ പ്രകീർത്തിച്ചിരുന്നു. ലോകത്തിന് കൂടുതൽ സമർപ്പിതരായ ഇത്തരം സംഘടനകളെ ആവശ്യമുണ്ടെന്നും, കമ്മ്യൂണിറ്റികളെ സഹായിക്കുന്നതിലും, ആവശ്യമുള്ളവരെ പിന്തുണയ്ക്കുന്നതിലും, യുവജനങ്ങളെ ശാക്തീകരിക്കുന്നതിലും ആർഎസ്എസിൻ്റെ പ്രവർത്തനം താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

“എൻ്റെ വാക്കുകളോ പ്രവർത്തനങ്ങളോ പൗരത്വത്തിനായുള്ള ആഗ്രഹം കൊണ്ടാണെന്ന് അവകാശപ്പെടുന്നവർ പൂർണ്ണമായും തെറ്റാണ്. ഞാൻ ധർമ്മത്തിന് വേണ്ടി നിലകൊള്ളുന്നത് തുടരുകയും, നമ്മുടെ ധാർമ്മികതയെ തകർക്കാനും സമൂഹത്തെ വിഭജിക്കാനും ശ്രമിക്കുന്ന രാജ്യദ്രോഹികളെയും വ്യാജ മതേതരവാദികളെയുംതുറന്നുകാട്ടുകയും ചെയ്യും,” കനേരിയ പറഞ്ഞു. “ജയ് ശ്രീ റാം” എന്ന് പറഞ്ഞുകൊണ്ടാണ് 44-കാരനായ ഈ മുൻ ക്രിക്കറ്റ് താരം തൻ്റെ പോസ്റ്റ് അവസാനിപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 261 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

പാക് ദേശീയ ടീമിനെ പ്രതിനിധാനം ചെയ്ത ചുരുക്കം ചില ഹിന്ദുമത വിശ്വാസികളായ കളിക്കാരില്‍ ഒരാളാണ് ഡാനിഷ് കനേരിയ. ടീമില്‍ കളിച്ചിരുന്ന കാലത്ത് ഷാഹിദ് അഫ്രീദി അടക്കമുള്ള ആളുകളില്‍നിന്ന് മതപരമായ വിവേചനം നേരിട്ടതായി പലപ്പോഴും അദ്ദേഹം ആരോപിച്ചിരുന്നു. 2000-നും 2010-നുമിടയില്‍ പാകിസ്താനുവേണ്ടി 61 ടെസ്റ്റുകളും 18 ഏകദിനങ്ങളും കളിച്ചു. പിന്നീട് ഒത്തുകളി കേസില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) അദ്ദേഹത്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.

Related Articles

Latest Articles