പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി മധുവിന്റെ കുടുംബാംഗങ്ങള്‍ രംഗത്ത്. കേസിലെ പ്രധാന സാക്ഷികളുടെ വിചാരണ ഇന്നു തുടങ്ങാനിരിക്കെ മധുവിന്റെ കുടുംബാംഗങ്ങള്‍ ആരോപണവുമായി മുന്നോട്ട് വന്നു. സര്‍ക്കാര്‍ നിയമിച്ച രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ക്കും ഇതുവരെ ഫീസ് നല്‍കിയിട്ടില്ല. മുൻപു നിയമിച്ച പ്രോസിക്യൂട്ടർമാർ ഫീസ് ലഭിക്കാത്തതിനാലാണു പിന്മാറിയത്. കേസിലെ സാക്ഷികളെ പ്രതികൾ സ്വാധീനിച്ചു കൂറുമാറ്റിയതായി സംശയിക്കുന്നതായും മധുവിന്റെ അമ്മയും സഹോദരിയും ആരോപിച്ചു.
2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്നു കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ മണ്ണാര്‍ക്കാട് സ്പെഷല്‍ കോടതിയില്‍ നടന്നുവരികയാണ്. ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുമായി പ്രതികള്‍ക്ക് അടുപ്പമുള്ളതായി സംശയിക്കുന്നതായും നീതി ലഭിച്ചില്ലെങ്കില്‍ സമരവുമായി തെരുവിലിറങ്ങുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കേസിലെ സാക്ഷികളെ പ്രതികള്‍ സ്വാധീനിച്ചു കൂറുമാറ്റിയതായി സംശയിക്കുന്നതായും ആരോപിച്ചു. ബന്ധു കൂടിയായ പ്രധാന സാക്ഷിയെ പ്രതികളിലൊരാള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ സഹിതം അഗളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.

