പാലക്കാട്: പാലക്കാട് ജില്ലയിൽ ഇരട്ട കൊലപാതകങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 28 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും നിരോധനാജ്ഞയോടൊപ്പം തുടരും.
നേരത്തെ ഈ മാസം 26 വരേയാണ് നിരോധനാജ്ഞയുണ്ടായിരുന്നത്. എന്നാൽ അടുത്ത വ്യാഴാഴ്ച വരേയ്‌ക്ക് നിരോധനാജ്ഞ നീട്ടുകയാണെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിറക്കി. ആദ്യ ഘട്ടത്തിൽ ഏപ്രില്‍ ഇരുപതാം തീയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് നാല് ദിവസത്തേക്ക് കൂടി തുടരാനാണ് പിന്നീട് തീരുമാനിച്ചത്.
ഇത് പ്രകാരം ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല. ഇരുചക്രവാഹനങ്ങളുടെ പുറകില്‍ സ്ത്രീകള്‍ അല്ലാത്തവര്‍ പോകുന്നതിനും നിയന്ത്രണം ഉണ്ട്. ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. അതേസമയം ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കൊലയാളി സംഘം ഉപയോഗിച്ചതായി കരുതുന്ന മൂന്ന് ഇരുചക്രവാഹനങ്ങളും ഒരു ഓട്ടോറിക്ഷയും തെളിവെടുപ്പിൽ കണ്ടെത്തി. ഇതുവരെ കേസുമായി ബന്ധപ്പെട്ട് പത്ത് പേരാണ് പിടിയിലായിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

