Sunday, January 4, 2026

പന്നിക്കെണിയിലെ ശെൽവരാജിന്‍റെ ദുരൂഹ മരണം; പോസ്റ്റ്‍മോർട്ടം ഇന്ന്

വിതുര: തിരുവനന്തപുരം വിതുര പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട ശെൽവരാജിന്‍റെ പോസ്റ്റുമോർട്ടം ഇന്ന്. ദുരൂഹ സാഹചര്യത്തിലാണ് നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജിന്‍റെ മൃതദേഹം കണ്ടെത്തിയത്. നിലവിൽ ശെൽവരാജിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ശെൽവരാജിന്‍റെ മൃതദേഹം പുരയിടത്തിൽ കണ്ടെത്തിയത്.

ശെൽവരാജിനൊപ്പം വീട്ടിൽ വാടകക്ക് താമസിക്കുന്ന കുര്യനെന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അനുമതിയില്ലാതെ പന്നിക്കെണി വച്ചതിനാണ് ഇയാൾക്കെതിരെ നടപടി. പോസ്റ്റുമോ‍ർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മന:പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാനാണ് പോലീസ് തീരുമാനം. ശെൽവരാജിനെ കാണാനില്ലെന്ന ഭാര്യ മാരായിമുട്ടം പോലീസിൽ പരാതി നൽകിയതാണ് മൃതദേഹം തിരിച്ചറിയാൻ പോലീസിന് സഹായകരമായത്.

അതേസമയം, ശെൽവരാജ് മേഖലയിൽ എന്തിന് എത്തി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇക്കാര്യമടക്കം പരിശോധിച്ച ശേഷമാകും തുടർ നടപടി.

ലക്ഷ്മി എസ്റ്റേറ്റിനു സമീപം തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിൻ്റെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കുര്യൻ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽ കാൽകുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Related Articles

Latest Articles