Friday, May 17, 2024
spot_img

പാറശ്ശാല ഷാരോൺ വധം; ശബ്ദ സന്ദേശങ്ങൾ ഗ്രീഷ്മയുടേതെന്ന് ഉറപ്പിക്കാനുള്ള ശബ്ദ പരിശോധന ഇന്ന്, കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: മറ്റൊരു വിവാഹ ആലോചന വന്നതോടെ അയാളെ സ്വന്തമാക്കാൻ ഷാരോൺ രാജിനെ കാമുകിയായ ഗ്രീഷ്‌മ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയത് ഏതാനും ദിവസത്തിന് മുന്നെയാണ്. വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.കസ്റ്റഡി കാലാവധി പൂർത്തിയാകുന്നതിലാണ് ഗ്രീഷ്മയെ ഹാജരാക്കുന്നത്.

ഷാരോണുമായി പങ്കുവെച്ച ശബ്ദ സന്ദേശങ്ങൾ ഗ്രീഷ്മയുടേത് തന്നെയെന്ന് ഉറപ്പിക്കാനുള്ള ശബ്ദ പരിശോധനയും ഇന്ന് നടത്തും. തിരുവനന്തപുരം ആകാശവാണിയിലെ സ്റ്റുഡിയോയിലാകും ഗ്രീഷ്മയുടെ സാമ്പിളുകൾ ശേഖരിക്കുക.

കഷായത്തിൽ കീടനാശിനി കലക്കി നൽകിയതിന് മുൻപ് ജ്യൂസിൽ വേദനസംഹാരി ഗുളികകൾ അമിതമായ അളവിൽ കലർത്തി നൽകി ഷാരോണിനെ അപായപ്പെടുത്താൻ ശ്രമിച്ചതായി ഗ്രീഷ്മ സമ്മതിച്ചിട്ടുമുണ്ട്. തമിഴ്‌നാട്ടിൽ ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ ക്രിസ്ത്യൻ കോളേജിലുൾപ്പെടെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഗ്രീഷ്മ ഇക്കാര്യം വെളിപ്പെടുത്തിയത്. സാവധാനം വിഷം നൽകി എങ്ങനെ കൊലപ്പെടുത്താമെന്ന് ഇന്റർനെറ്റിൽ തിരഞ്ഞതായും ഗ്രീഷ്മ പറഞ്ഞു. അങ്ങനെയാണ് വേദനസംഹാരി ഗുളികൾ അമിതയളവിൽ ഉള്ളിൽ ചെന്നാൽ വൃക്കകൾ തകരാറിലാകുമെന്നും ക്രമേണ മരണത്തിലേക്ക് നയിക്കുമെന്നും കണ്ടെത്തിയതെന്നും ഗ്രീഷ്മ പറയുകയും ചെയ്തു.

ഗ്രീഷ്മയുടെ അച്ഛൻ കഴിക്കുന്ന ഗുളികൾ ശേഖരിച്ച് വെള്ളത്തിൽ ലയിപ്പിച്ച് കുപ്പിയിൽ ലഭിക്കുന്ന പഴച്ചാറിൽ കലർത്തിയാണ് ഷാരോണിന് നൽകിയത്. തുടർന്ന് ജ്യൂസ് ചലഞ്ച് എന്ന പേരിലാണ് കുടിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഷാരോണിന്റെ വീട്ടിൽ വെച്ച് താലി ചാർത്തിയെന്ന് ഗ്രീഷ്മ പറഞ്ഞു. തുടർന്നുള്ള മാസങ്ങളിൽ തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോമിൽ ഇരുവരും ഒന്നിച്ച് മുറിയെടുത്ത് താമസിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്. ഇന്നലെ ഇവിടെ എത്തിച്ച് തെളിവെടുത്തു. ജ്യൂസ് വാങ്ങിയ കടയും ഷാരോണിന്റെ കോളേജിൽ തങ്ങൾ കണ്ടുമുട്ടിയിരുന്ന സ്ഥലവും ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തു.

Related Articles

Latest Articles