Wednesday, December 24, 2025

തങ്ങളെ പ്രതിചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണം! ഹൈക്കോടതിയെ സമീപിച്ച് വാളയാർ കുട്ടികളുടെ മാതാപിതാക്കൾ

കൊച്ചി : വാളയാർ കേസിൽ തങ്ങളെ കൂടി പ്രതിചേർത്ത സി ബി ഐ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് കുട്ടികളുടെ മാതാപിതാക്കൾ. കേസിൽ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രിൽ ഒന്നിലേക്ക് മാറ്റി. ആകെയുള്ള 9 കേസുകളിൽ 6 എണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു. 3 കേസുകളിൽ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുകയാണ്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നറഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേർത്തിരുന്നത്. ലൈംഗിക പീഡനത്തെത്തുടർന്നുണ്ടായ മാനസിക പീഡനമാണ് വാളയാർ പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തൽ. അതേസമയം കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സിബിഐ മുഖവിലയ്ക്കെത്തില്ല എന്നാണ് മാതാപിതാക്കളുടെ ഹർജിയിലെ പ്രധാന വാദം.

വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സി ബി ഐ കണ്ടെത്തൽ. മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും കൊച്ചി സി ബി ഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സി ബി ഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നൽകിയത്. ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പടെ വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Related Articles

Latest Articles