Tuesday, September 22, 2026

മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സഞ്ജയ് റാവത്ത് അറസ്റ്റിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

മുംബൈ: പത്ര ചൗൾ അഴിമതി കേസിൽ ശിവസേന എംപി സഞ്ജയ് റാവത്ത് അറസ്റ്റിൽ. ഇഡിയുടെ ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് റാവത്ത് അറസ്റ്റിലായത്. 2002-ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം (പിഎംഎൽഎ) പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു.

സഞ്ജയ് റാവത്തിനെതിരെ കള്ളക്കേസാണ് ചുമത്തിയതെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് സഹോദരൻ സുനിൽ വ്യക്തമാക്കി. നിരവധി പേരെ അഴിക്കുള്ളിലാക്കുമെന്ന് പറഞ്ഞ റാവത്ത് തന്നെ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നുവെന്നും അറസ്റ്റിനു പിന്നാലെ ബിജെപി നേതാവ് കിരിത് സോമയ്യ് പറഞ്ഞു. സത്യത്തെ മറച്ചു വെയ്‌ക്കാൻ കഴിയില്ലെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ വ്യാജ രേഖകളും മറ്റും സൃഷ്ടിച്ച് കള്ളക്കേസിൽ കുടുക്കി ശിവസേനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നായിരുന്നു ചോദ്യം ചെയ്യലിനു മുൻപ് റാവത്ത് പറഞ്ഞത്. ഭയന്ന് മറ്റു പാർട്ടിയിൽ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റാവത്ത് ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ഇഡി ഓഫീസിലേക്ക് എത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചപ്പോൾ സിറ്റിംഗ് എംപിയാണെന്നും ഓഗസ്റ്റ് ഏഴ് വരെ സമയം തേടിയെന്നും പറഞ്ഞതായി ഇഡി വൃത്തങ്ങൾ പറഞ്ഞു. പ്രതിയുടെ ദാദറിലെ ഫ്‌ളാറ്റ് സീൽ ചെയ്തതായും ഇഡി അറിയിച്ചു. കേസിൽ രണ്ട് തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ഇഡി അദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

Related Articles

Latest Articles