Monday, May 20, 2024
spot_img

ബോക്സിങ്ങിനിടെ പരുക്കേറ്റ അമേരിക്കൻ ബോക്സർ പാട്രിക് ഡേ മരണത്തിന് കീഴടങ്ങി

ന്യൂയോർക്ക്: ബോക്സിങ് മത്സരത്തിനിടെ തലയ്ക്ക് ഇടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന അമേരിക്കൻ ബോക്സർ പാട്രിക് ഡേ (27) ഇന്നലെ മരണത്തിനു കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര ആഘാതത്തെത്തുടർന്നാണ് ഡേയുടെ വിടവാങ്ങൽ. ശനിയാഴ്ച ചിക്കോഗോയിൽ ചാൾസ് കോൺവെല്ലിനെതിരേനടന്ന മത്സരത്തിലാണ് പാട്രിക്കിന് പരിക്കേറ്റത്. അതിനുശേഷം അബോധാവസ്ഥയിലായിരുന്ന പാട്രിക്കിന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും നിഷ്ഫലമായി.

പത്താം റൗണ്ടിൽ എതിരാളിയും അമേരിക്കൻ ഒളിംപ്യനുമായ ചാൾസ് കോൺവലിന്റെ ഇടിയേറ്റാണ് പാട്രിക് ഡേ വീണത്. ദുരന്തം തന്നെ മാനസികമായി തളർത്തിയെന്ന് ചാൾസ് കോൺവെൽ പ്രതികരിച്ചു. ‘താങ്കൾക്കിത് സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. ജയിക്കണം എന്ന ഒറ്റ ആഗ്രഹമേ എനിക്കുണ്ടായിരുന്നുള്ളൂ. ആ മത്സരം ഓർമകളിൽ നിറഞ്ഞ് എന്റെ തല പുകയുകയാണ്.’-ചാൾസ് കോൺവെൽ ട്വീറ്ററിൽ കുറിച്ച്.

അമച്വർ ബോക്സിങ്ങിൽ രണ്ടു ദേശീയ കിരീടങ്ങൾ പാട്രിക് ഡേ സ്വന്തമാക്കി. 2013ലാണ് അദ്ദേഹം പ്രഫഷനൽ ബോക്സിങ്ങിലേക്ക് കളം മാറിയത്. സൂപ്പർ വെൽട്ടർവെയ്റ്റ് വിഭാഗത്തിൽ ലോക നിലവാരമുള്ള ബോക്സറായി പരിഗണിക്കപ്പെട്ടിരുന്ന ഡേ കോണ്ടിനെന്റൽ അമേരിക്കാസ് ചാംപ്യൻഷിപ്പും ഇന്റർ കോണ്ടിനെന്റൽ ചാംപ്യൻഷിപ്പും ജയിച്ചിട്ടുണ്ട്.

ലോക ബോക്സിങ് കൗൺസിലിന്റെയും രാജ്യാന്തര ബോക്സിങ് ഫെഡറേഷന്റെയും മികച്ച 10 താരങ്ങളുടെ പട്ടികയിൽ ഡേ ഇടം നേടിയിരുന്നു. കരിയറിലെ 22 മത്സരങ്ങളിൽ 17 ജയം, 4 സമനില, 1 തോൽവി എന്നിങ്ങനെയാണ് ഡേയുടെ റെക്കോർഡ്.

Related Articles

Latest Articles