Friday, January 2, 2026

പിസി ജോർജ് യുഡിഎഫിലേക്ക്?ജനപക്ഷം ലയിക്കും?

തിരുവനന്തപുരം: ജോസ് കെ മാണിയുടെ കേരളാകോണ്‍ഗ്രസ് പുറത്തായ സാഹചര്യത്തില്‍ എങ്ങുമില്ലാതെ നില്‍ക്കുന്ന പി.സി. ജോര്‍ജ്ജിന്റെ ജനപക്ഷം പാര്‍ട്ടി യുഡിഎഫ് ലക്ഷ്യമിടുന്നതായി സൂചന. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ജനപക്ഷം കേരളത്തിലെ ഒരു പ്രമുഖ മുന്നണിയുടെ ഭാഗമായി മാറുമെന്ന പി സി ജോര്‍ജ്ജിന്റെ പ്രതികരണമാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്.

കേരളത്തിലെ ഒരു പ്രമുഖ വാര്‍ത്താചാനലിനോടായിരുന്നു പി സി ജോര്‍ജ്ജ് എംഎല്‍എ യുടെ പ്രതികരണം. ജോസ് കെ മാണിയെ ഇടതുപക്ഷത്ത് എത്തിക്കാന്‍ സിപിഎം ചരടുവലി മുറുക്കുമ്പോള്‍ ജനപക്ഷം പാർട്ടിയെ യുഡിഎഫിൽ എത്തിക്കാൻ കോണ്‍ഗ്രസും നീക്കം നടത്തുന്നതായിട്ടാണ് പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍ വെച്ച് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പി.സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നും ഒരു പാര്‍ട്ടിയില്‍ ലയിച്ച് യുഡിഎഫില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നുമാണ് വിവരം.

ജോസ് കെ മാണിയുമായി കോട്ടയം ജില്ലാപഞ്ചായത്ത് വിഷയത്തില്‍ വലിയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പിജെ ജോസഫിന്റെ പാര്‍ട്ടിയില്‍ ലയിച്ച് യുഡിഎഫില്‍ എത്താനാണ് കോണ്‍ഗ്രസ് വെച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഇത്തരത്തിലുള്ള ലയനസാധ്യത പിസി ജോര്‍ജ്ജ് തള്ളിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭതാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ ജയിച്ചു കയറിയ നേതാവാണ് പി സി ജോര്‍ജ്ജ്.

പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍ ശക്തമായ വേരോട്ടമുള്ള പിസി ജോർജ്ജ് ഇടതുപക്ഷത്തെയും യുഡിഎഫിനെയും എന്‍ഡിഎ യുമെല്ലാം ഞെട്ടിച്ച് നിയമസഭയില്‍ എത്തുകയും ചെയ്തു. പിന്നീട് ശബരിമല വിഷയം സജീവ ചർച്ചയായ സമയത്ത് നിയമസഭയിൽ ഏകാംഗമായ ബിജെപിയുമായി സഹകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സഖ്യത്തിന് മാസങ്ങൾ മാത്രമായിരുന്നു ആയുസ്.

Related Articles

Latest Articles