ശ്രീനഗർ: കിഴക്കൻ ലഡാക്കിൽ നിന്ന് സൈനികരെ പൂർണമായും പിൻവലിച്ച് ഭാരതവും ചൈനയും . പ്രദേശത്ത് നിലനിന്നിരുന്ന ടെന്റുകളും , താത്കാലിക നിർമ്മിതികളും പൊളിച്ച് നീക്കിയതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇരു സൈന്യങ്ങളും പെട്രോളിംഗ് ഉടൻ പുനരാരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകളും പുരോഗമിക്കുകയാണ്.
ഇതിനായി, ഭാരതവും ചൈനയും കിഴക്കൻ ലഡാക്കിലെ മേഖലയിൽ ആകാശ നിരീക്ഷണം തുടരുന്നു. പിൻവാങ്ങൽ പ്രക്രിയയുടെ സമ്പൂർണ്ണത ഉറപ്പുവരുത്താനാണ് നിരീക്ഷണ നടപടി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ചൈനീസ് സൈനികർക്ക് ഇന്ത്യൻ സൈന്യം മധുര വിതരണം നടത്തുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇരു രാജ്യങ്ങളുടെ സൈനിക തലത്തിൽ നടക്കുന്ന ചർച്ചകൾ, പെട്രോളിംഗിന് മുന്നോടിയായി ദുർബല മേഖലകളിൽ സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഭാരത-ചൈന സൈനിക കമാൻഡർമാർ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ദെസ്പംഗ്, ദെമോക് എന്നിവിടങ്ങളിലെ പിൻവാങ്ങൽ നടപടികളുടെ പുരോഗതി വിലയിരുത്തി.
2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ പെട്രോളിംഗിനിടെ ഭാരത സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ ഉണ്ടായ സംഘർഷമാണ് കിഴക്കൻ ലഡാക്കിൽ പലയിടങ്ങളിലും പിരിവുകളും സംഘർഷങ്ങളും നിലനിൽക്കാൻ കാരണമായത്. നാലു വർഷത്തെ അനിശ്ചിതകാല അവസ്ഥയ്ക്ക് ശേഷമായാണ് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ പൂർണ്ണ ഫലമായി ലഡാക്കിലെ സംഘർഷാവസ്ഥക്ക് പരിഹാരം കാണപ്പെട്ടത്.

