Sunday, January 11, 2026

നൂറ്റാണ്ടുകളുടെ കുടിപ്പക ഇനിയില്ല; ഇസ്രയേലിനൊപ്പം സമാധാന കരാർ ഒപ്പിട്ട് യുഎഇയും ബഹ്‌റൈനും

വാഷിങ്ടൺ: ഇസ്രയേലിനൊപ്പം സമാധാന കരാർ ഒപ്പിട്ട് യുഎഇയും ബഹ്‌റൈനും. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ വച്ചാണ് മൂന്ന് രാഷ്ട്രങ്ങളും തമ്മിൽ സമാധാന കരാറിൽ ഒപ്പു വെച്ചത്.

ഇസ്രായേലിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് കരാർ ഒപ്പിടാൻ എത്തിയത്. എന്നാൽ, അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തത് വിദേശകാര്യ മന്ത്രിമാരായിരുന്നു. ദശാബ്ദങ്ങളുടെ കുടിപ്പകയെ മറന്നുകൊണ്ട് സമാധാനത്തിന്‍റെ പ്രതീക്ഷ നൽകി ഒപ്പിട്ട ഉടമ്പടിക്ക് “അബ്രഹാം ഉടമ്പടി” എന്നാണ് പേര് നൽകിയിരിക്കുന്നത്.

എല്ലാ മേഖലയിലും ഇസ്രയേലുമായുള്ള സമ്പൂർണ്ണ സഹകരണം പ്രഖ്യാപിച്ച് യു.എ.ഇ കരാർ ഒപ്പിട്ടതോടെ 48 വർഷത്തെ ഇസ്രായേൽ വിലക്കിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. മധ്യപൂർവേഷ്യയിൽ സമാധാനത്തിന്‍റെ സൂര്യോദയങ്ങളായിരിക്കും ഇനിയെന്ന് ഉടമ്പടി ഒപ്പിടുന്നതിനു സാക്ഷ്യം വഹിക്കവേ ഡൊണാൾഡ് ട്രംപ് പറഞ്ഞു. അബ്രഹാം ഉടമ്പടിയോടെ ഇസ്രായേലുമായി നയതന്ത്ര ബന്ധം പുലർത്തുന്ന മുസ്ലിം രാഷ്ട്രങ്ങളുടെ എണ്ണം നാലായിരിക്കുകയാണ്.

ഈജിപ്തും ജോർദാനും ഇസ്രായേലുമായി മുമ്പേ ശക്തമായ നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഒരുമാസത്തിനിടെയാണ് രണ്ട് പ്രധാന അറബ് സാമ്രാജ്യങ്ങള്‍ ഇസ്രായേലുമായി സൗഹൃദം സ്ഥാപിച്ചത്. ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതേ പാത പിന്തുടരുമെന്ന് വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

Related Articles

Latest Articles