Monday, May 20, 2024
spot_img

കോയമ്പത്തൂർ സ്ഫോടനം: 100 ഐ എസ് വിഡിയോകളുള്ള പെൻഡ്രൈവ് പിടിച്ചെടുത്ത് എൻ ഐ എ, കണ്ടെടുത്തത് ജമേഷ മുബിന്റെ സുഹൃത്തായ ഷെയ്ക്ക് ഹിദായത്തുല്ലയുടെ വീട്ടിൽ നിന്ന്

കോയമ്പത്തൂർ: കോയമ്പത്തൂരിലെ ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ തെരച്ചിലിൽ നൂറിലേറെ ഐഎസ് വീഡിയോകളുള്ള പെൻഡ്രൈവ് പിടിച്ചെടുത്തു. കാറിൽ ചാവേർ സ്ഫോടനം നടത്തി മരിച്ച ജമേഷ മുബിന്റെ സുഹൃത്തും മറ്റൊരു ഐഎസ് കേസിലെ പ്രതിയുമായ ഷെയ്ക്ക് ഹിദായത്തുല്ലയുടെ വീട്ടിൽ നിന്നാണു വിഡിയോകളടങ്ങിയ പെൻഡ്രൈവ് കണ്ടെത്തിയത്.

ഇയാളെ നിരീക്ഷണത്തിലാക്കിയ എൻഐഎ നാല് വർഷത്തെ ഇയാളുടെ ബന്ധങ്ങൾ അന്വേഷിച്ചു തുടങ്ങി. അന്താരാഷ്ട്ര ഭീകര സംഘടനയായ ഐ എസുമായി ബന്ധപ്പെട്ട നൂറിലേറെ വീഡിയോകളാണ് ഇതിലുള്ളതെന്ന് എൻഐഎ സ്ഥിരീകരിച്ചു. ഇതിൽ 40 എണ്ണം ശ്രീലങ്കയിലെ ഈസ്റ്റർ ആക്രമണത്തിന്റെ സൂത്രധാരൻ സഹ്റാൻ ഹാഷ്മിയുടെ പ്രഭാഷണങ്ങളാണ്. 15 എണ്ണം വീതം ഐഎസ് ആക്രമണങ്ങളുടേതും വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളുടേതുമാണെന്ന് എൻഐഎ അറിയിച്ചു.

ഹിദായത്തുല്ലയെ ചോദ്യംചെയ്തു വിട്ടയച്ചെങ്കിലും നിരീക്ഷണത്തിലാണ്. 2019 ൽ കോയമ്പത്തൂരിൽ ഐഎസ് ഘടകം സ്ഥാപിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലാണിയാൾ. അന്ന് ഒപ്പം അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീനുമായി ചേർന്ന് ഖലീഫ ജിഎഫ്എക്സ് എന്ന ഫെയ്സ്‌ബുക് പേജും തുടങ്ങിയിരുന്നു. അസ്ഹറുദ്ദീനായിരുന്നു സംഘത്തിലെ തലവൻ.

Related Articles

Latest Articles