Monday, December 22, 2025

ഇടത് ഭരണത്തിൽ തൊഴിലാളികൾക്ക് ചെയ്‌ത ജോലിക്ക് കൂലിയില്ല; കെ എസ് ആർ ടി സി യിലെ ബി എം എസ് യൂണിയൻ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് തുടങ്ങി; നഗര ഗ്രാമ വ്യത്യാസമില്ലാതെ യാത്രാക്ലേശം രൂക്ഷം

തിരുവനന്തപുരം: വീണ്ടും ശമ്പളവിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്റെ ഭാഗമാക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചിട്ടുണ്ട് എങ്കിലും ഭരണാനുകൂല സംഘടനകളിൽ പെടുന്ന തൊഴിലാളികളടക്കം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. സമരം ചെയ്യുന്നവര്‍ക്കെതിരെ അധികൃതര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ഈ മാസം ഇതുവരെ വിതരണം ചെയ്തത് ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ്. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂര്‍ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

സമരം ചെയ്യുന്നത് ഒരു യൂണിയൻ മാത്രമാണെങ്കിലും സംസ്ഥാനത്തുടനീളം കോർപറേഷന്റെ പ്രവർത്തനങ്ങളെയും സർവീസുകളെയും പണിമുടക്ക് ബാധിച്ചിട്ടുണ്ട്. നഗര ഗ്രാമ വിത്യാസമില്ലാതെ യാത്രാക്ലേശം രൂക്ഷമാകുകയാണ്.

കഴിഞ്ഞ മാസത്തെ മുഴുവന്‍ ശമ്പളവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തസമരം നടത്തിയിരുന്നു. ശമ്പളവിതരണം പൂര്‍ത്തിയാകുംവരെ തുടര്‍സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. അഞ്ചാം തീയിതിക്ക് മുമ്പായി ശമ്പളം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളി സംഘടനകള്‍ സമരത്തിലേക്ക് നീങ്ങിയത്. സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തപ്രതിഷേധത്തിലാണ്. തൊഴിലാളികൾക്ക് ശമ്പളം മുടങ്ങുമ്പോഴും സിഐടിയുവും ഐഎന്‍ടിയുസിയും കടുത്ത സമരപരിപാടികളിലേക്ക് കടക്കുന്നില്ല എന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്

Related Articles

Latest Articles