ലക്‌നൗ: ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിൽ തനിക്കുള്ള പ്രതിച്ഛായ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒരു കൂട്ടം ആളുകൾ പ്രവർത്തിക്കുന്നതെന്നും ബിജെപി മുസ്ലീം സമുദായത്തിനെതിരാണെന്നുള്ളത് അവർ പുറത്തുവിടുന്ന സന്ദേശമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
” ഞാൻ ഈദും ക്രിസ്തുമസുമെല്ലാം ഒരു പോലെ ആഘോഷിക്കുന്ന വ്യക്തിയാണ്. കുട്ടിക്കാലത്ത് ഞാൻ താമസിച്ചിരുന്ന വീടിനടുത്ത് നിരവധി മുസ്ലീം കുടുംബങ്ങൾ താമസിച്ചിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് നിരവധി മുസ്ലീം സുഹൃത്തുക്കളുണ്ട്. അവർക്കൊപ്പമായിരുന്നു ഞാൻ സമയം ചെലവഴിച്ചിരുന്നത്. ഈദ് ഞങ്ങൾ ആഘോഷമായി കൊണ്ടാടിയിരുന്നു. ആ സമയത്ത് അവർ തന്നിരുന്ന ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. എനിക്ക് മുസ്ലീം സമുദായമായി വളരെ നല്ല ബന്ധമാണുള്ളത്.”- പ്രധാനമന്ത്രി പറഞ്ഞു.
മോദി മുസ്ലീം സമുദായത്തിന് എതിരാണെന്നാണ് ആരോപണം. എന്നാൽ സത്യമെന്തെന്ന് രാജ്യത്തെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും തനിക്ക് ലഭിക്കുന്ന സ്‌നേഹവും വാത്സല്യവും തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു

