ദില്ലി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന വൻ പരാജയത്തിന് ശേഷം പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളുടെ തീരുമാനം സ്വീകരിക്കുന്നുവെന്നും ഇനിയും പഠിച്ച് പോരാടുമെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ പാർട്ടി നേതാക്കൾക്കും നന്ദി അറിയിക്കുന്നെന്ന് രാഹുൽ പറഞ്ഞു. ഇതുവരെ ഉണ്ടായ സംഭവങ്ങളിൽ നിന്ന് ഇനിയും പഠിക്കും. മാത്രമല്ല രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഇനിയും പ്രവർത്തിക്കുമെന്നും, പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നെന്നും രാഹുൽ കുറിച്ചു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ച് ബിജെപി ഭരണത്തിലേക്ക് നീങ്ങുകയാണ്. യുപിയിലും ഉത്തരാഖണ്ഡിലും ചരിത്രം കുറിച്ച് കൊണ്ടാണ് ബിജെപി വീണ്ടും അധികാരത്തിൽ എത്തുന്നത്. ഉത്തർ പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ബിജെപി ആണ് മുന്നിൽ.
പഞ്ചാബിൽ ആം ആദ്മി പാർട്ടിയാണ് മുന്നിട്ട് നിൽക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർച്ചയെ നേരിടുകയാണ്. മണിപ്പൂരിലും ഗോവയിലും ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾക്കായില്ല. ഒരിടത്ത് പോലും ആശ്വാസ വിജയം നേടാനാകാതെ കോൺഗ്രസ് ചരിത്രത്തിൽ നിന്നും ഇല്ലാതായിരിക്കുകയാണ്.

