കൊച്ചി:എൻഐഎ സംസ്ഥാനത്തിലുടനീളം നടത്തിയ റെയ്ഡിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് അഡ്വ. മുഹമ്മദ് മുബാറക്കിന് ഹാഥ്രസ് കലാപ ഗൂഢാലോചനയിലും പങ്കുള്ളതായി വിവരം ലഭിച്ചു.ഹാഥ്രസ് കലാപക്കേസിൽ പിടിയിലായ പിഎഫ്‌ഐ പ്രവർത്തകന്റെ മൊഴിയിലാണ് മുബറാക്കിന്റെ പേര് പുറത്തുവന്നിരിക്കുന്നത്. ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ നീക്കം തുടങ്ങി.
പിഎഫ്‌ഐയുടെ ഹിറ്റ് സ്‌ക്വാഡ് സംഘത്തിലെ പ്രധാനിയാണ് മുബറാക്ക്. കൊലപാതക സംഘത്തിന് ആയുധ പരിശീലനം നൽകുന്ന ചുമതല ഇയാളാണ് വഹിച്ചിരുന്നത്. അഞ്ച് ദിവസത്തെ എൻഐഎ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് തുടർന്ന് കഴിഞ്ഞ ദിവസം മുബാറക്കിനെ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി. ഇയാൾ ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചിട്ടില്ലെന്ന് കോടതിയിൽ എൻഐഎ വ്യക്തമാക്കി. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാഫലം ലഭിച്ച ശേഷം എൻഐഎ മുബാറക്കിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
മഴു,വാളുകൾ എന്നിവ ബാഡ്മിറ്റൺ റാക്കറ്റ് സൂക്ഷിക്കുന്ന ബാഗിൽ ഒളിപ്പിച്ച നിലയിൽ ഇയാളുടെ എടവനക്കാട്ടെ വീട്ടിൽ നിന്നും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ആർക്കെല്ലാമാണ് ഇയാൾ ആയുധ പരിശീലനങ്ങൾ നൽകിയിട്ടുണ്ടെന്നും എവിടെ വെച്ച്,എങ്ങനെയെല്ലാമാണ് പരിശീലനങ്ങൾ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് എൻഐഎ മുബാറക്കിനെ കസ്റ്റഡിയിൽ വാങ്ങിയത്. എന്നാൽ ചോദ്യം ചെയ്യലുമായി ഇയാൾ സഹകരിച്ചില്ല.

