തിരുവനന്തപുരം: 1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലെ തിയേറ്റർ ഓണർ ഫില്ലോറയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ നടന്നു. രാജ്യത്തിന്റെ സൈനിക പാരമ്പര്യത്തെയും ധീരരക്തസാക്ഷികളുടെ ഓർമ്മകളെയും ആദരിക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി തമ്പുരാട്ടി മുഖ്യാതിഥിയായിരുന്നു.

ചടങ്ങിൽ ഭദ്രദീപം കൊളുത്തിക്കൊണ്ട് അവർ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, ഗർവാൾ റെജിമെന്റ് കമാൻഡിംഗ് ഓഫീസർ കേണൽ ദൽജീത് സിംഗ്, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, സൈനികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള ബൈക്ക് റാലിക്ക് പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി തമ്പുരാട്ടി ഫ്ലാഗ് ഓഫ് ചെയ്തു. 1965-ലെ യുദ്ധത്തിൽ പങ്കെടുത്ത ഗർവാൾ റെജിമെന്റിലെ സുബേധാർ മേജർ ഹോണററി ക്യാപ്റ്റൻ റാം ചന്ദ്ര സിംഗ് ഗുസൈൻ (റിട്ട), സുബേധാർ ഹോണററി ക്യാപ്റ്റൻ ഗംഗാദത്ത് സതി (റിട്ട) എന്നിവരെ ചടങ്ങിൽ ആദരിച്ചു. രാജ്യത്തിനായി ജീവൻ സമർപ്പിച്ച വീരയോദ്ധാക്കളുടെ ധീരതയ്ക്ക് ആദരം അർപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ഏറെ ശ്രദ്ധേയമായി.



