ശബരിമല ക്ഷേത്രത്തിൻ്റെ പവിത്രത സംരക്ഷിക്കുന്നതിന്റെ ഭാഗമായി പതിനെട്ടാംപടിയിലും തിരുമുറ്റത്തും ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ഹൈക്കോടതി നിരോധിച്ചു. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട വിവാദ ഫോട്ടോഷൂട്ടിനെ തുടർന്നാണ് ഈ തീരുമാനം. പരമ്പരാഗത ആചാരങ്ങൾ സംരക്ഷിക്കാൻ തീർത്ഥാടകരെ ബോധവൽക്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, മുരളീകൃഷ്ണ എസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമല സന്നിധാനത്തെ പതിനെട്ടാംപടിയും തിരുമുറ്റവും തീർത്ഥാടകർക്കും വ്ലോഗർമാർക്കും ഫോട്ടോഗ്രാഫിയോ വീഡിയോഗ്രാഫിയോ അനുവദിക്കാവുന്ന സ്ഥലമല്ലെന്നും ഇത്തരം പ്രവർത്തനങ്ങൾ ക്ഷേത്രത്തിൻ്റെ ആത്മീയവും സാംസ്കാരികവുമായ വിശുദ്ധിയെ തകർക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ശബരിമല സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മാളികപ്പുറം ക്ഷേത്രത്തിൽ അസാധാരണമായ ആചാരങ്ങൾ ഉയർന്നു വരുന്നതും ബെഞ്ചിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. ക്ഷേത്രത്തിൻ്റെ മേൽക്കൂരയിൽ വസ്ത്രങ്ങൾ വലിച്ചെറിയുക, ചുവരിൽ മഞ്ഞൾപ്പൊടി ഒഴിക്കുക, ക്ഷേത്രത്തിന് ചുറ്റും നാളികേരം ഉരുട്ടുക തുടങ്ങിയ കാര്യങ്ങൾ തീർത്ഥാടകർ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്.
ഈ പ്രവൃത്തികൾ ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഭാഗമല്ലെന്ന് കോടതി വ്യക്തമാക്കി. അത്തരം പെരുമാറ്റങ്ങൾ നിരുത്സാഹപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി .

