പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കോയമ്പത്തൂർ സുഗുണപുരം ഈസ്റ്റ് സർക്കാർ സ്കൂളിലെ കായിക അദ്ധ്യാപകൻ അറസ്റ്റിൽ. വാൽപാറ സ്വദേശി പ്രഭാകരനാണ് (55) രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് പിടിയിലായത്. അദ്ധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് രക്ഷിതാക്കൾ സ്‌കൂൾ ഉപരോധിച്ചത് വലിയ ചർച്ചയായിരുന്നു. മോശമായ ഉദ്ദേശ്യത്തോടെ തങ്ങളെ സ്പർശിച്ചതായി ആരോപിച്ച് വിദ്യാർത്ഥികൾ വ്യാഴാഴ്ച പ്രധാനാധ്യാപികയെ വിവരം അറിയിക്കുകയായിരുന്നു.
സ്‌കൂൾ ടോയിലറ്റിലെത്തുന്ന പെൺകുട്ടികളെ പ്രഭാകരൻ പുറത്തുനിന്ന് പൂട്ടി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് ഒരു രക്ഷിതാവ് വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ അറിയിച്ചിട്ടും അധ്യാപകനെതിരെ ഒരു നടപടിയും കൈക്കൊളളാൻ ആദ്യഘട്ടത്തിൽ ഹെഡ്മിസ്ട്രസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എൻ. സിലംബരശന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷിതാക്കളുമായി ചർച്ച നടത്തി.

