തിരുവനന്തപുരം : സര്‍വ്വകലാശാലകളില്‍ നടക്കുന്ന രാഷ്ട്രീയ ബന്ധു നിയമനങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് ഗവർണർ ചില ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്‍റെ നിലപാട് മനസിലാക്കാത്ത ആളല്ല ഗവര്‍ണറെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
നമ്മുടെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഇതിനെ സര്‍ക്കാര്‍ എങ്ങിനെയെന്ന് കാണുന്നതെന്ന് വിശദമാക്കാനാണ് ഇന്നത്തെ പത്രസമ്മേളനമെന്നുള്ള മുഖവുരയോടെയാണ് മുഖ്യമന്ത്രി പ്രതികരണം ആരംഭിച്ചത്.
തെരഞ്ഞെടുപ്പ് സമയത്തെ പ്രകടന പത്രികയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുറവ് തുറന്നുപറഞ്ഞാണ് എൽഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാലികമായി പരിഷ്കരിക്കാൻ ആസൂത്രിത ഇടപെടൽ നടത്തേണ്ടതുണ്ട്. എല്ലാം തികഞ്ഞു എന്ന അഭിപ്രായം സർക്കാരിനില്ല. മാത്രമല്ല ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് ഇനി ശ്രദ്ധ വേണ്ടതെന്ന ബോധ്യം സര്‍ക്കാറിനുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മുന്നോട്ട് പോകാൻ കൂടുതൽ ശാക്തീകരിക്കണം നടത്തണം. ഇപ്പോള്‍ ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണം സംബന്ധിച്ച് ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമുള്ളത് ഒരേ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഗവർണറുടെ അധികാരം കവർന്നെടുക്കാൻ സർക്കാർ ഒരിക്കലും ശ്രമിച്ചിട്ടില്ല. സർവകലാശാല ചാൻസലർ സ്ഥാനം ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല. ഗവർണർ നിലപാടിൽ നിന്ന് പുറകോട് പോകുമെന്നാണ് കരുതുന്നതെന്നും ഗവർണർ തുടരണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുമായി ഏറ്റുമുട്ടുകയെന്ന നയം സര്‍ക്കാരിനില്ല. മറുപടി പറഞ്ഞത് ഗവര്‍ണര്‍ പരസ്യമായി കാര്യങ്ങൾ പറഞ്ഞതിനാലാണ്. ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാരിന് പിടിവാശിയില്ലെന്നും പിണറായി പറഞ്ഞു. ഗവർണർ പരസ്യമായി രംഗത്ത് വന്നതിനാലാണ് ഇപ്പോൾ ഈ വിശദീകരണം പോലും നടത്തേണ്ടിവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ എടുക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും ആണെന്ന വാദം ശരിയല്ല. സര്‍ക്കാര്‍ അഭിപ്രായം അറിയിക്കും. അത് സ്വാഭാവിക പ്രക്രിയയാണ്. ഇതിന് ഉചിതമായ തീരുമാനം എടുക്കുക അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. ആ സ്വാതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ട്. വിമര്‍ശനം ഭയന്ന് തീരുമാനങ്ങള്‍ എടുക്കാതെ ഇരുന്നിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ കുറ്റമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൗരത്വ വിഷയത്തില്‍ പ്രമേയം വന്നപ്പോള്‍ ഗവര്‍ണര്‍ അതിനെ പരസ്യമായി വിമര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമഭേദഗതി വന്ന സമയത്തെ റസിഡന്‍റ് പരാമര്‍ശം ഗവര്‍ണര്‍ക്കെതിരെയുള്ള വ്യക്തിപരമായ പരാമര്‍ശമല്ല. രാഷ്ട്രീയമായ മറുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുമായി ഏറ്റുമുട്ടുന്ന നയം സര്‍ക്കാരിനില്ല. ഗവര്‍ണറുമായി ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ കത്തിലൂടെയും നേരിട്ടും പലഘട്ടത്തിലും ആശയവിനിമയം നടത്താറുണ്ട്. ഭരണതലത്തില്‍ ഉണ്ടാകാറുള്ള സാധാരണ പ്രക്രിയയാണ് അത്. ഇതില്‍നിന്ന് വ്യത്യസ്തമായ ചില കാര്യങ്ങള്‍ സംഭവിച്ചു. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ ചില പ്രതികരണങ്ങള്‍ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കും വിധം മാധ്യമങ്ങളില്‍ വാർത്തയായി. ഇത്തരമൊരു ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തത വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

