തിരുവനന്തപുരം : കേരളം ലോകോത്തരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൈംസ് സ്‌ക്വയറില്‍ അവകാശപ്പെടുമ്പോള്‍ സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തില്‍ ഒരു ജീവന്‍ നഷ്ടമായെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് പേടി കൂടാതെ വഴിനടക്കാനുള്ള അന്തരീക്ഷമെങ്കിലും ഇന്ന് കേരളത്തിലുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. മുഴുപ്പിലങ്ങാടില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പതിനൊന്നു വയസ്സുകാരന്റെ മരണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“തെരുവ് നായകളുടെ വര്‍ദ്ധനയ്‌ക്കെതിരെ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണം. തെരുവ് നായകളുടെ ആക്രമണത്തിൽ ഇനിയൊരാള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സ്ഥിതിയുണ്ടാവരുത്” – വി. മുരളീധരൻ പറഞ്ഞു.
മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദ് (11) ആണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഓട്ടിസമുള്ള നിഹാലിന് സംസാരശേഷി കുറവായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരമുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി എട്ട് മണിയോടെ വീട്ടിൽ നിന്ന് 300 മീറ്റർ അകലെയുള്ള ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുപറിച്ചിട്ടുണ്ട്. വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടിയുടെ പിന്നാലെ തെരുവ് നായകൾ ഓടിയപ്പോൾ കുട്ടി ഭയപ്പെട്ട് സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതാകാമെന്നും തുടർന്ന് നായകകൾ ആക്രമിച്ചതാകാമെന്നുമാണ് കരുതുന്നത്.

