കുരക്കാൻ മാത്രമല്ല വേണമെങ്കിൽ കടിക്കാൻ പോലും കഴിയുന്ന ഒരു സംവിധാനമാണ് ലോകായുക്ത. 2019 ൽ ചിന്താ വാരികയിൽ പിണറായി വിജയൻ എഴുതിയ ലേഖനത്തിലാണ് ഈ വരികളുള്ളത്. 99 ൽ എൽ ഡി എഫ് സർക്കാർ കൊണ്ടിവന്ന ഈ അഴിമതി വിരുദ്ധ സംവിധാനം ആ വർഷമാണത്രേ ഏറ്റവുമധികം കേസ്സുകൾ രജിസ്റ്റർ ചെയ്തത്. മുന്നിൽ വന്ന കേസ്സുകളിൽ ഏറെയും തീർപ്പാക്കിയ ഒരു മികച്ച അഴിമതി വിരുദ്ധ ആയുധമായ ലോകായുക്തയെ വാനോളം പുകഴ്ത്തി അന്ന് പിണറായി വിജയൻ. പക്ഷെ ആ സംവിധാനത്തെ ഉപമിച്ചത് നായയോടാണ് എന്ന് കാണണം. കുരക്കാൻ മാത്രമല്ല കടിക്കാനും മടിയില്ലാത്ത നായ. പണ്ടൊരാളുടെ എലിയെ പിടിക്കുന്ന പൂച്ചയെ പറ്റിയുള്ള പരാമർശം മനസ്സിൽ വച്ചുകൊണ്ടാകണം ഈ നായ പരാമർശം.
എന്തായാലും കള്ളൻ പോലീസിനെ പുകഴ്ത്തുന്നത് പോലെയായിപ്പോയി ഇത്. അഴിമതിയുടെ കാര്യത്തിൽ സാമാന്യം നല്ലരീതിയിൽ പേരുകേട്ട ഒരു നേതാവ് തന്നെയാണല്ലോ പിണറായി വിജയൻ. പക്ഷെ അദ്ദേഹത്തിന്റെ അഴിമതികൾക്ക് ചില പ്രത്യേകതകളൊക്കെയുണ്ട്. അത്ര പെട്ടെന്നൊന്നും അദ്ദേഹത്തെ പൂട്ടാനാവില്ല. വിദേശ ഇടപാടുകളോട് വല്ലാത്ത പ്രിയമാണ്. നാട്ടിലെ നക്കാപ്പിച്ച അഴിമതിക്കൊന്നും അദ്ദേഹത്തെ കിട്ടില്ല. Snc ലാവ്‌ലിൻ കേസ്സിൽ അഴിമതി ഇല്ലായെന്ന് ആർക്കെങ്കിലും പറയാനാകുമോ പക്ഷെ നാളിതുവരെ അദ്ദേഹത്തിനെ എന്തെങ്കിലും ചെയ്യാൻ പറ്റിയോ. ഇതാണ് അദ്ദേഹത്തിന്റെ ഒരു മോഡ് ഓഫ് ഓപ്പറാണ്ടി. ഒന്ന് വിചാരണക്ക് നിർത്താൻ പോലും കഴിഞ്ഞില്ല. ലൈഫ് പദ്ധതി അഴിമതി മറ്റൊരു ഉദാഹരണമാണ്. അവിടെയും വിദേശ ഫണ്ടിന്റെ സാന്നിധ്യമുണ്ട്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ച് അവിടെന്ന് മസാലാ ബോണ്ട് വഴി വാങ്ങിയ കോടികളിലും അഴിമതിയുടെ ഒരു മണവും പിണറായി വിജയൻ ടച്ച്ചുമുണ്ട്. പക്ഷെ ആരും അതെപ്പറ്റി അധികം സംസാരിച്ചു കാണുന്നില്ല. എവിടെനിന്നൊക്കെയോ ചില മുറുമുറുപ്പുകളുണ്ട്. മന്ത്രി തോമസ് ഐസക്ക് രണ്ടാം മന്ത്രിസഭയിൽ ഉൾപ്പെടാത്തത് ഇതുമായി ബന്ധപ്പെട്ട എന്തൊക്കെയോ പ്രശ്നങ്ങളാണ് എന്ന് ഒരടക്കം പറച്ചിലുണ്ട്. ഡോളർ കടത്തും സ്വർണ്ണക്കടത്തും ഏറ്റവും ഒടുവിലത്തെ ഐറ്റവും എങ്ങുമെത്താതെ നിൽക്കുകയാണ്. പിണറായി വിജയന്റെ പല വിദേശ യാത്രകളും സ്വപനയുമായുള്ളതടക്കം പല വിദേശ യാത്രകളും നയതന്ത്ര പ്രതിനിധികളുമായുള്ള വഴിവിട്ട ഇടപാടുകളുമെല്ലാം ഇന്നും സംശയത്തിന്റെ നിഴലിൽ തന്നെയാണ്. കേന്ദ്ര ഏജൻസികൾ പലതും കേരളത്തിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഇടപാടുകളും ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു.
പക്ഷെ അതിനെയെല്ലാം പ്രതിരോധിക്കാൻ ഇതുവരെ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടുമുണ്ട്. എന്നാണ് ഈ പ്രതിരോധമൊക്ക ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ പോകുന്നത് എന്ന് പറയാനൊക്കില്ലെങ്കിലും നേരത്തേ പൊക്കിപ്പറഞ്ഞ ആ കടിക്കാനറിയാവുന്ന പട്ടി ചില ചെറിയ കളികൾക്കിടയിൽ തന്നെ വല്ലാതെ അലോസരപ്പെടുത്തുന്നതായി മുഖ്യന് ഇപ്പോൾ തോന്നുന്നുണ്ടാകും. ആ നായയുടെ കടിക്ക് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കഴിവുണ്ടെന്ന് പാർട്ടി സെക്രട്ടറി പോലും തിരിച്ചറിഞ്ഞിരിക്കുന്നു. ലോകായുക്ത വഴി കേന്ദ്ര ഇടപെടലിന് സാധ്യത ഉണ്ടത്രേ! പണ്ട് വിമോചന സമരത്തിന് പിന്നിൽ അമേരിക്കയാണെന്ന് പറഞ്ഞ ടീമാണ്. ഈ കേരളത്തിൽ വന്ന് വിമോചന സമരം നടത്താൻ അമേരിക്കക്കോ പിണറായി സർക്കാരിൽ ഇടപെടാൻ ഇപ്പൊ മോദിക്കോ സമയമില്ലെന്ന് ആർക്കാണറിയാത്തത്. ജനം ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇട്ടുതന്ന കാശ് ചെലവാക്കുമ്പോൾ ഒരു ജാഗ്രത വേണമെന്ന് അന്നേ പലരും പറഞ്ഞതാണ്. അതെടുത്ത് സ്വന്തക്കാർക്ക് തോന്നും പോലെ കൊടുക്കുമ്പോൾ മേൽപ്പറഞ്ഞ നായ കടിക്കാൻ സാധ്യതയുണ്ട് എന്ന് അപ്പോൾ ഓർത്തില്ല.

