ആലുവ: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ അര്‍ഹരായവര്‍ക്ക് യഥാസമയം നല്‍കുന്നില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. പ്രധാനമന്ത്രി ഗരീബ് അന്ന കല്യാണ്‍ യോജന പദ്ധതി പ്രകാരം നല്‍കുന്ന ഭക്ഷ്യവസ്തുക്കളാണ് അർഹരായവർക്ക് ലഭിക്കാതെ പോകുന്നത്.
കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ മുപ്പത്തടം ഹരിജന്‍ കോളനി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ഭക്ഷ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടോയെന്നും അന്വേഷിച്ച് ശക്തമായ നടപടിയെടുക്കണം.
പാവപ്പെട്ടവര്‍ക്കായുള്ള പദ്ധതി അട്ടിമറിക്കപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം. ഒരാള്‍ക്ക് പ്രതിമാസം അഞ്ച് കിലോ അരി വീതം കേന്ദ്രം അനുവദിക്കുന്നുണ്ട്. കോവിഡ് കാരണം പദ്ധതി സെപ്റ്റംബര്‍ വരെ നീട്ടി. രണ്ടാം ഘട്ടം കേരളത്തില്‍ ശരിയായ രീതിയില്‍ അല്ലെന്നത് നിര്‍ഭാഗ്യകരമാണ്.
കോടിക്കണക്കിന് രൂപ ചെലവിട്ട് റേഷന്‍ ഇരട്ടിയാക്കിയിട്ടും അര്‍ഹരായവര്‍ക്ക് ഗുണം ലഭിക്കുന്നില്ല. അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണം. സൗജന്യ ഗാര്‍ഹിക സിലണ്ടര്‍ കിട്ടേണ്ടവര്‍ക്കും ലഭിക്കുന്നില്ലെന്ന പരാതിയുണ്ടെന്നും ഇക്കാര്യത്തിലും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

