Saturday, June 15, 2024
spot_img

ജലദൗർലഭ്യം നേരിടാൻ കേന്ദ്ര പദ്ധതി, കർഷകർക്ക് സൗജന്യമായി കുഴൽക്കിണർ: പദ്ധതി കേരളത്തിലും നടപ്പാക്കും

തിരുവനന്തപുരം: ഇന്ത്യയിലെ കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് ജല ദൗര്ലഭ്യമാണ്. ജല ദൗർലഭ്യം മൂലമുണ്ടാകുന്ന കൃഷി നാശവും തുടർന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടവും പല കർഷകരെയും ആത്മഹത്യയിലേക്ക് വരെ എത്തിച്ച ഘടകമാണ്. കർഷകർ നേരിടുന്ന ഈ ഗുരുതര പ്രശ്നത്തിന് പരിഹാരമായാണ് കേന്ദ്രസർക്കാർ പ്രധാൻമന്ത്രി കൃഷി സിഞ്ചായ് യോജന എന്ന പദ്ധതി ആവിഷ്കരിച്ചത്.
ജല ദൗർലഭ്യംമൂലം കൃഷി ചെയ്യാൻ ബുദ്ധിമുട്ടുന്ന ചെറുകിട കർഷകർക്ക് ആശ്വാസം നൽകുന്ന പദ്ധതിയാണിത്.

കൃഷി, ഗ്രാമവികസന, ജലസേചന വകുപ്പുകൾ സംയുക്തമായി നടപ്പാക്കേണ്ട പദ്ധതിയാണിത്. ഈ പദ്ധതി ഇപ്പോൾ കേരളത്തിലും നടപ്പാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കൃഷിയിടങ്ങളിൽ ജലസേചനത്തിനായി സൗജന്യമായി കുഴൽക്കിണർ നിർമിച്ച് നൽകാനാണ് പദ്ധതി. കർഷകരുടെ ഭൂമിയിൽത്തന്നെയായിരിക്കും കുഴൽക്കിണർ നിർമ്മിക്കുക. കുഴൽക്കിണറിനോടൊപ്പം പമ്പിങ് കേന്ദ്രവും സ്ഥാപിക്കും. പമ്പിങ് കേന്ദ്രത്തിൽനിന്ന് 200 മീറ്റർവരെ പൈപ്പ് ലൈനിട്ട് നൽകുകയുംചെയ്യും.

പദ്ധതി നടപ്പാക്കാൻ സംസ്ഥാന ഭൂജല വകുപ്പിനെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ഒരോ ജില്ലയിൽനിന്നും കൃഷിഭവൻ മുഖേന അർഹരായ കർഷകരുടെ വിവരങ്ങൾ ഭൂജലവകുപ്പ് ശേഖരിക്കും. തുടർന്ന് ഇവ സംസ്ഥാന ഡയറക്ടറേറ്റിലേക്ക് അയയ്ക്കും. ഇവിടെനിന്ന് സംസ്ഥാന തലത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തി വിശദ വിവരങ്ങൾ അടങ്ങിയ പദ്ധതി രേഖസഹിതം കേന്ദ്രത്തിന് കൈമാറും.

പദ്ധതി രേഖ അംഗീകരിച്ചാൽ പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്രംനൽകും. ബാക്കി 40ശതമാനം ചിലവ് വഹിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി 14 ജില്ലകളിലും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഈ യോഗത്തിൽ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള നടപടികളും തുടങ്ങി . തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ ഭൂമിയിൽ ഭൂജലവകുപ്പ് അധികൃതർ ഹൈഡ്രോളജിക്കൽ, ജിയോ ഫിസിക്കൽ സർവേ നടത്തി സ്ഥാനം നിർണയിച്ച് കുഴൽക്കിണറുകൾ നിർമിച്ച് നൽകും.

പദ്ധതിയുടെ അപേക്ഷാ ഫോമുകൾ ഭൂജലവകുപ്പ് ജില്ലാ ഓഫീസിൽ ലഭ്യമാക്കും . പൂരിപ്പിച്ച അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡിന്റേയും നികുതിരസീതിന്റേയും പകർപ്പ് ഹാജരാക്കണം . കർഷക സംഘങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ സംഘവുമായി ബന്ധപ്പെട്ട വിവരങ്ങളും ചെര്‍ക്കണം. കൃഷി ഓഫീസറുടെ സക്ഷ്യപത്രത്തോടൊപ്പം അപേക്ഷ ഭൂജലവകുപ്പ് ജില്ലാ ഓഫീസിൽ സമർപ്പിക്കണം.

കേന്ദ്ര സർക്കാരിന്റെ ഭൂജല സർവേ നിശ്ചയിച്ച പ്രകാരമുള്ള 60 ശതമാനം ഭൂജലമുള്ള ബ്ലോക്കുകൾ മാത്രമേ പദ്ധതിക്കായി തിരഞ്ഞെടുക്കൂ. ഒരു ഹെക്ടർ മുതൽ രണ്ട് ഹെക്ടർവരെ ഭൂമിയുള്ള ചെറുകിട കർഷകർ/ കർഷക സംഘങ്ങളെയാണ് ഗുണഭോക്താക്കളായി പരിഗണിക്കുക.

Related Articles

Latest Articles