മുംബൈ : 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനലിൽ അവസാന ഓവറിൽ പാക് ബാറ്റർ മിസ്ബ ഉൾ ഹഖിനെ മലയാളി താരം ശ്രീശാന്തിന്റെ കൈകളിലെത്തിച്ച് കിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച ഫാസ്റ്റ് ബൗളർ ജൊഗീന്ദർ ശർമ തന്റെ ക്രിക്കറ്റ് കരിയർ ഔദ്യോഗികമായി അവസാനിപ്പിച്ചു. രാജ്യാന്തര, ആഭ്യന്തര ക്രിക്കറ്റിൽനിന്നു വിരമിക്കുകയാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് അയച്ച കത്തിൽ ജൊഗീന്ദർ പറഞ്ഞു. തനിക്ക് പിന്തുണ നൽകിയ ബിസിസിഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ, ചെന്നൈ സൂപ്പർ കിങ്സ്, ഹരിയാന സർക്കാർ എന്നിവരോട് നന്ദി പറയുന്നതായി താരം വ്യക്തമാക്കി.
ഫൈനലിൽ ഇന്ത്യയുടെ ഹീറോ ആയി എല്ലാരും വാഴ്ത്തി പാടിയെങ്കിലും പിന്നീട് രാജ്യാന്തര ക്രിക്കറ്റിൽ ഒരു പന്തുപോലും എറിയാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടില്ല.രാജ്യാന്തര ക്രിക്കറ്റിൽ അദ്ദേഹം ആകെ കളിച്ചത് നാല് ഏകദിനവും നാല് ട്വന്റി20 മൽസരങ്ങളുമാണ്. നാലു ട്വന്റി20 മൽസരങ്ങളും കളിച്ചത് ലോകകപ്പിലാണ്. 2011ൽ നടന്ന ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലാണ് ജോഗീന്ദർ അവസാനമായി കളിച്ചത് . ഇപ്പോൾ ഹരിയാന പൊലീസിൽ ഡിവൈഎസ്പി റാങ്കിൽ ജോലി ചെയ്യുകയാണ് അദ്ദേഹം.

